ലഖ്നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷത്തിനൊരുങ്ങി അയോധ്യ. രാമനവമി ദിനത്തില്‍ അയോധ്യ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സൂര്യാഭിഷേകം നടക്കും. ദേശീയ മാധ്യമമായ അചകയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.
നാളെ ഉച്ചയ്ക്ക് 12.16 നാണ് സൂര്യാഭിഷേകം നടക്കുക. രാംലല്ലയുടെ നെറ്റിയില്‍ അഞ്ച് മിനിട്ട് സൂര്യരശ്മികള്‍ പതിക്കുമെന്ന് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര എഎന്‍ഐയോട് പറഞ്ഞു ഡിസംബറോടെ ക്ഷേത്രത്തിന്റെ ശേഷിക്കുന്ന ജോലികളും പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. സൂര്യാഭിഷേകത്തിനായി ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.
രാമനവമി ദിനത്തില്‍ ഭക്തരുടെ സൗകര്യാര്‍ത്ഥം രാത്രി 11 വരെ ദര്‍ശനം ലഭ്യമാകുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്പത് റായി അറിയിച്ചു. രാമനവമി ദിനത്തില്‍ രാവിലെ 3.30ന് ക്ഷേത്ര ചടങ്ങുകള്‍ ആരംഭിക്കും. ഇന്ന് മുതല്‍ 19-ാം തീയതിവരെ സുഗം ദര്‍ശന്‍ പാസ്, വിഐപി ദര്‍ശന്‍ പാസ്, മംഗള ആരതി പാസ്, ശൃംഗാര്‍ ആരതി പാസ്, ശയന്‍ ആരതി പാസ് എന്നിവ അനുവദിക്കില്ലെന്നും സംഘാടകര്‍ അറിയിച്ചു.
രാമനവമി ദിനത്തില്‍ ക്ഷേത്രത്തില്‍ നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും. ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പരിപാടികളുടെ തത്സമയ സംപ്രേഷണം ഉണ്ടാകും.