പത്തനംതിട്ട: ഇന്ന് മാത്രം ശബരിമലയിൽ 52,634 പേർ വെർച്വൽ ക്യു ബുക്കു ചെയ്തിട്ടുണ്ട്. ശബരിമലയിൽ ഭക്തജന തിരക്ക് തുടരുകയാണ്. വെർച്വൽ ക്യുവിന് പുറമേ സ്പോട് ബുക്കിങ് വഴിയും തീർഥാടകർ ദർശനത്തിന് എത്തുന്നുണ്ട്. ഇന്നലെ രാത്രി 11ന് പമ്പയിൽനിന്നു മല കയറിയ തീർഥാടകർ രാവിലെ 8.30 ആയിട്ടും സന്നിധാനത്ത് എത്തിയിരുന്നില്ല. അത്രയ്ക്ക് നീണ്ട കാത്തുനിൽപ്പാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.
മണ്ഡല മകരവിളക്ക് തീർഥാടനം അടുത്ത മാസം തുടങ്ങുകയാണ്. വലിയ തിരക്കിനു മുൻപ് ദർശനം നടത്താൻ തീർഥാടകർ വൻതോതിൽ എത്തിയതാണ് തിരക്ക് ഇത്ര കൂടാൻ കാരണം. അതേസമയം വലിയ തിരക്കിന് അനുസരിച്ചുള്ള ക്രമീകരണങ്ങൾ ഒന്നും സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടുമില്ല. കുടിവെള്ളം കിട്ടാനും പ്രാഥമിക ആവശ്യത്തിനുമാണ് തീർഥാടകർ ഏറെ ബുദ്ധിമുട്ടുന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താമസ സൗകര്യം ഏറെ പരിമിതമാണ്.
Also Read: പി പി ദിവ്യയെ തള്ളി കണ്ണൂർ കളക്ടർ; യോഗത്തിൽ ക്ഷണിച്ചിട്ടില്ല
നിയന്ത്രണത്തിനു 150 പൊലീസ് കൂടുതലായി എത്തിയിട്ടുണ്ട്. മഴ പെയ്യുന്നതിനാൽ താഴെ തിരുമുറ്റത്ത് വിരിവച്ചു വിശ്രമിക്കാനും കഴിയാതെ അയ്യപ്പന്മാർ വിഷമിച്ചു. 40 മുൻ മേൽശാന്തിമാർ സഹകാർമികരായി രാവിലെ ലക്ഷാർച്ചന തുടങ്ങി.