CMDRF

കടയുടമകൾ സ്വന്തം പേര് പ്രദർശിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന കാവഡ് ഉത്തരവിനെ പിന്തുണച്ച് ബാബ രാംദേവ്

കടയുടമകൾ സ്വന്തം പേര് പ്രദർശിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന കാവഡ് ഉത്തരവിനെ പിന്തുണച്ച് ബാബ രാംദേവ്
കടയുടമകൾ സ്വന്തം പേര് പ്രദർശിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന കാവഡ് ഉത്തരവിനെ പിന്തുണച്ച് ബാബ രാംദേവ്

ലഖ്നൗ: എല്ലാവരും അവരുടെ പേരുകളിൽ അഭിമാനിക്കണമെന്ന് യോഗാഗുരുവും വ്യവസായിയുമായ ബാബ രാംദേവ്. രാംദേവിന് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിൽ പ്രശ്നമില്ലെങ്കിൽ, ‘റഹ്മാന്’ അതിലെന്താണ് പ്രശ്‌നമെന്നായിരുന്നു രാംദേവിന്റെ ചോദ്യം. കാവഡ് തീർഥാടകർ സഞ്ചരിക്കുന്ന റൂട്ടിലെ കടയുടമകൾ സ്വന്തം പേര് പ്രദർശിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാറുകളുടെ ഉത്തരവിനെ പിന്തുണച്ച് ബാബ രാംദേവ്.

‘രാംദേവിന് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിൽ പ്രശ്നമില്ലെങ്കിൽ, റഹ്മാന് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിൽ എന്തിനാണ് പ്രശ്നം? എല്ലാവരും അവരുടെ പേരിൽ അഭിമാനിക്കണം. പേര് മറച്ചുവെക്കേണ്ടതില്ല. ജോലിയിൽ ശുദ്ധി മാത്രമേ ആവശ്യമുള്ളൂ. നമ്മുടെ തൊഴിൽ പരിശുദ്ധമാണെങ്കിൽ ഹിന്ദുവോ മുസ്‍ലിമോ എന്നത് പ്രശ്‌നമല്ല’.ബാബ രാംദേവ് പറഞ്ഞു. കടയുടമകളുടെ പേര് പ്രദർശിപ്പിക്കാനുള്ള ഉത്തരവിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

വിഷയത്തിൽ കോടതികൾ സ്വമേധയാ കേസെടുക്കണമെന്ന് യു.പി മുൻ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേഡ പറഞ്ഞു. ഹിറ്റ്ലർ ജർമനിയിൽ ജൂതവ്യാപാരികളെ ബഹിഷ്‌കരിച്ചതിനെയാണ് യോഗി ഭരണകൂടത്തിന്റെ ഉത്തരവ് അനുസ്മരിപ്പിക്കുന്നതെന്ന് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസിയും പ്രതികരിച്ചു.

‘മനുഷ്യത്വം’ എന്നൊരു പേരുമാത്രമേ കടകൾക്കു മുന്നിൽ പാടുള്ളൂവെന്നായിരുന്നു ബോളിവുഡ് താരം സോനു സൂദിൻറെ പ്രതികരണം. എക്സിലൂടെയാണ് സോനു സൂദ് വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കിയത്. എല്ലാ കടകൾക്കും മുന്നിൽ ഒരൊറ്റ നെയിംപ്ലേറ്റ് മാത്രമേ പാടുള്ളൂ; മനുഷ്യത്വം എന്നാകണം അത് എന്നായിരുന്നു താരം കുറിച്ചത്. സോനു സൂദിന്റെ ട്വീറ്റിന് മറുപടിയായി നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തും രംഗത്തെത്തി. ‘സമ്മതിക്കുന്നു, ഹലാലിന് പകരവും മനുഷ്യത്വം എന്ന് നൽകണം’ എന്നായിരുന്നു കങ്കണയുടെ മറുപടി.

വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെയും ജീവനക്കാരുടെയും പേരുകളടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ടത്. കടയുടമകൾ പേരുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തരാഖണ്ഡ്, യുപി സർക്കാറുകൾ പിന്നാലെ ഉജ്ജയിൻ മുനിസിപ്പൽ ബോഡിയും കടയുടമകളോട് അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.കടയുടമകളോട് അവരുടെ പേരുകളും മൊബൈൽ നമ്പറുകളും അവരുടെ സ്ഥാപനങ്ങൾക്ക് പുറത്ത് പ്രദർശിപ്പിക്കാൻ ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ നിർദ്ദേശിച്ചു.ആദ്യതവണ നിയമം ലംഘിച്ചാൽ 2000 രൂപ പിഴയും ഉത്തരവ് ലംഘിച്ചാൽ 5,000 രൂപയും പിഴ അടയ്ക്കേണ്ടിവരുമെന്ന് ഉജ്ജയിൻ മേയർ മുകേഷ് തത്വാൾ അറിയിച്ചു.

Top