CMDRF

ബാബ സിദ്ദിഖിയുടെ കൊലപാതകം: പിന്നിൽ അധോലോക ബന്ധമെന്ന് പോലീസ്

കേസ് അന്വേഷണത്തിന് നാല് പ്രത്യേക അന്വേഷണസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്

ബാബ സിദ്ദിഖിയുടെ കൊലപാതകം: പിന്നിൽ അധോലോക ബന്ധമെന്ന് പോലീസ്
ബാബ സിദ്ദിഖിയുടെ കൊലപാതകം: പിന്നിൽ അധോലോക ബന്ധമെന്ന് പോലീസ്

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ അധോലോകസംഘവുമായി ബന്ധമെന്ന് പോലീസ് സ്ഥിരീകരിച്ചു. മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലുള്ളവരാണെന്ന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടന്ന എന്‍.സി.പി നേതാവിന്റെ കൊലപാതകം സുരക്ഷാ ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. രണ്ട് പേരാണ് പൊലീസിന്റെ പിടിയിലായത്. ഒരാള്‍ക്കായി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ഒരു മാസമായി തങ്ങള്‍ സിദ്ദിഖിയെ നിരീക്ഷിക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

ഈസ്റ്റ് ബാന്ദ്രയിലെ മകന്റെ ഓഫീസിനടുത്തുവെച്ചാണ് ബാബ സിദ്ദിഖിന് വെടിയേല്‍ക്കുന്നത്. ഓഫീസില്‍ നിന്നിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോള്‍ ആക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് സല്‍മാന്‍ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസ് അന്വേഷണത്തിന് നാല് പ്രത്യേക അന്വേഷണസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഹരിയാന, ഉത്തര്‍പ്രദേശ് സ്വദേശികളായ കര്‍ണാലി സിങ്, ധര്‍മരാജ് കശ്യപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലംഗ സംഘമാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. രണ്ട് പേര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

Also Read: ജാതി സെൻസസുമായി തെലങ്കാന; നടപടികൾ സർക്കാർ ആരംഭിച്ചു

സംഭവ സ്ഥലത്ത് നിന്ന് ആറ് ബുള്ളറ്റ് ഷെല്ലുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെടിവെക്കാന്‍ ഉപയോഗിച്ച പിസ്റ്റളും സ്ഥലത്ത് നിന്നും ലഭിച്ചു. 9.9 എംഎം പിസ്റ്റളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം നടത്താന്‍ സംഘത്തിന് പണം മുന്‍കൂറായി ലഭിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയാണ് മുന്‍കൂറായി നല്‍കിയത്. ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ തോക്കും ലഭിച്ചതായി പോലീസ് വ്യക്തമാക്കി. കൊലപാതകം നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി ബാന്ദ്രയില്‍ 14000 രൂപ വാടകയുള്ള വീടെടുത്ത് താമസിക്കുകയായിരുന്നു നാലംഗ സഘമെന്നും പോലീസ് പറഞ്ഞു.

Top