CMDRF

പതഞ്ജലിക്ക് തിരിച്ചടി; ബാബ രാംദേവിന്റെ മാപ്പപേക്ഷ വീണ്ടും തള്ളി സുപ്രീംകോടതി

പതഞ്ജലിക്ക് തിരിച്ചടി; ബാബ രാംദേവിന്റെ മാപ്പപേക്ഷ വീണ്ടും തള്ളി സുപ്രീംകോടതി
പതഞ്ജലിക്ക് തിരിച്ചടി; ബാബ രാംദേവിന്റെ മാപ്പപേക്ഷ വീണ്ടും തള്ളി സുപ്രീംകോടതി

ഡല്‍ഹി: പരസ്യവിവാ?ദക്കേസില്‍ പതഞ്ജലിക്ക് തിരിച്ചടി. യോഗഗുരു ബാബാ രാംദേവ് സമര്‍പ്പിച്ച മാപ്പപേക്ഷയാണ് സുപ്രീംകോടതി വീണ്ടും തള്ളിയത്. തങ്ങള്‍ അന്ധരല്ലെന്നും ഉദാരതകാണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ഹിമ കോലിയുടെയും അഹ്സനുദ്ദീന്‍ അമാനുള്ളയുടെയും ബെഞ്ച് മാപ്പപേക്ഷ നിരസിച്ചത്.

കടലാസിലുള്ള ക്ഷമാപണം മാത്രമാണിതെന്നും ഇത് സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും കോടതി വ്യക്തമാക്കി. മറ്റു വഴിയൊന്നുമില്ലാതെ കടുത്ത സമ്മര്‍ദത്തിലായതിനാലാണ് മാപ്പപേക്ഷ നല്‍കിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്രത്തിന്റെ മറുപടിയില്‍ തൃപ്തിയില്ലെന്നും കോടതി പറഞ്ഞു.

കോടതിയ്ക്കു നല്‍കുന്നതിനു മുന്‍പായി മാപ്പപേക്ഷ മാധ്യമങ്ങള്‍ക്ക് അയച്ചെന്ന് ജസ്റ്റിസ് ഹിമ കോലിയും അപേക്ഷയിലൂടെ പതഞ്ജലി കോടതിയെ കബളിപ്പിക്കുകയൊണെന്ന് ജസ്റ്റിസ് അഹ്സനുദ്ദീന്‍ അമാനുള്ളയും വിമര്‍ശിച്ചു. ആരാണ് ഈ മാപ്പപേക്ഷ തയ്യാറാക്കിയതെന്ന് താന്‍ അത്ഭുതപ്പെടുന്നതായി ജസ്റ്റിസ് അമാനുള്ള പറഞ്ഞു. ചൊവ്വാഴ്ചയാണ് രാംദേവ് സുപ്രീം കോടതിയില്‍ വീണ്ടും മാപ്പപേക്ഷ നല്‍കിയത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ബാബാ രാംദേവിനെയും പതഞ്ജലി എം.ഡി. ആചാര്യ ബാലകൃഷ്ണയെയും നേരത്തെ സുപ്രീംകോടതി വിളിച്ചുവരുത്തി രൂക്ഷമായിവിമര്‍ശിച്ചിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ഇരുവരും എഴുതിനല്‍കിയതും നേരിട്ടുപറഞ്ഞതുമായ മാപ്പപേക്ഷ സുപ്രീംകോടതി അന്ന് തള്ളുകയും ചെയ്തിരുന്നു.

രോഗശമനശേഷി അവകാശപ്പെട്ടോ മറ്റു ചികിത്സാരീതികളെ കുറ്റപ്പെടുത്തിയോ പരസ്യം നല്‍കില്ലെന്ന് നവംബര്‍ 21-ന് പതഞ്ജലി സുപ്രീംകോടതിക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതു പാലിച്ചില്ലെന്നുകാട്ടി ഐ.എം.എ. നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് പതഞ്ജലി മേധാവികളെ ജസ്റ്റിസുമാരായ ഹിമ കോലി, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരുടെ ബെഞ്ച് വിളിച്ചുവരുത്തിയത്.

Top