CMDRF

ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്ക് പുറത്തിറക്കി ബജാജ്

ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്ക് പുറത്തിറക്കി ബജാജ്
ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്ക് പുറത്തിറക്കി ബജാജ്

കംപ്രസ്ഡ് നാച്വുറല്‍ ഗ്യാസില്‍ (സിഎന്‍ജി) പ്രവര്‍ത്തിക്കുന്ന ‘ഫ്രീഡം 125’ പുറത്തിറക്കി ബജാജ് ഓട്ടോ. ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്കാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഡ്രം, ഡ്രം എല്‍ഇഡി, ഡിസ്‌ക് എല്‍ഇഡി എന്നീ മൂന്ന് വേരിയന്റുകളില്‍ ബൈക്ക് ലഭ്യമാണ്.

125 സിസി വരുന്ന സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഈ എന്‍ജിന്‍ 9.4 ബിഎച്ച്പിയും 9.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വട്ടത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാംപ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയെല്ലാം വാഹനത്തിലുണ്ട്. 785 എംഎം നീളമാണ് സീറ്റിന്. ഇത് ബൈക്കുകളില്‍ ലോകത്തിലെ ഏറ്റവും നീളമുള്ള സീറ്റാണെന്നാണ് ബജാജ് അവകാശപ്പെടുന്നത്.

രണ്ട് കിലോ ഗ്രാമിന്റെ സിഎന്‍ജി സിലിണ്ടറാണ് വാഹനത്തിലുള്ളത്. സീറ്റിനടിയിലാണ് ഇതിന്റെ സ്ഥാനം. കൂടാതെ രണ്ട് ലിറ്ററിന്റെ പെട്രോള്‍ ടാങ്കുമുണ്ട്. പെട്രോളിലും സിഎന്‍ജിയിലുമായി 330 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാമെന്ന് ബജാജ് അവകാപ്പെടുന്നു.

ഒരു കിലോ ഗ്രാം സിഎന്‍ജി ഉപയോഗിച്ച് 102 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഇത് ദൈനംദിന ചെലവില്‍ 50 ശതമാനത്തിന്റെ കുറവിന് സഹായകമാകും. കൂടാതെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ബഹിര്‍ഗമനത്തില്‍ 26 ശതമാനം കുറവുമുണ്ടാകും. 125 സിസിയുടെ സാധാരണ ബൈക്കുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് വര്‍ഷം കൊണ്ട് 75,000 രൂപ ഇന്ധനച്ചെലവില്‍ ലാഭിക്കാമെന്നും കമ്പനി പറയുന്നു. 95,000 രൂപ (എക്‌സ് ഷോറൂം) മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

നിരവധി സുരക്ഷ പരിശോധനകള്‍ക്ക് ശേഷമാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. സിഎന്‍ജി ടാങ്കിന്റെ സമഗ്രത പരിശോധിക്കാനായി ആഘാത പരിശോധന, ട്രക്ക് റണ്‍ഓവര്‍ പരിശോധന എന്നിവയടക്കം 11 ടെസ്റ്റുകള്‍ക്ക് വാഹനം വിധേയമായിട്ടുണ്ട്. ഏഴ് വ്യത്യസ്ത നിറങ്ങളില്‍ ബൈക്ക് ലഭ്യമാണ്.

Top