ഫഹദ് ഫാസിൽ ചിത്രം ആവേശത്തിന്റെ തെലുങ്ക് പതിപ്പെത്തുന്നതായി റിപ്പോർട്ട്. ഫഹദ് ഫാസിൽ അവിസ്മരണീയമാക്കിയ രംഗണ്ണനായി എത്തുന്ന് ടോളിവുഡ് താരം നന്ദമൂരി ബാലകൃഷ്ണയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റീമേക്ക് സിനിമകൾ ഒരുക്കുന്ന ഹരീഷ് ശങ്കറാണ് ആവേശത്തിന്റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. തെലുങ്കിലെ മുൻനിര പ്രൊഡക്ഷൻ കമ്പനികളിലൊന്നായ മൈത്രി മൂവീ മേക്കേഴ്‌സ് ആവേശത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നതത്രേ.
അടുത്ത വർഷം മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ബാലകൃഷ്ണയും ഹരീഷ് ശങ്കറും അടുത്ത ചിത്രത്തിനായി ഒന്നിക്കുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ആവേശത്തിൽ ഫഹദ് ഫാസിലിനൊപ്പം ആശിഷ് വിദ്യാർത്ഥി, റോഷൻ, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, നീരജ രാജേന്ദ്രൻ, പൂജ മോഹൻരാജ്, ശ്രീജിത്ത് നായർ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒ.ടി.ടിയിലും മികച്ച സ്വീകാര്യത ആവേശത്തിന് ലഭിച്ചിരുന്നു.സുഷിൻ ശ്യാം ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റാണ്. അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമിച്ചത്.