സിയോള്‍: വീണ്ടും ദക്ഷിണകൊറിയന്‍ വിമാനത്താവളത്തില്‍ ഉത്തരകൊറിയയുടെ മാലിന്യങ്ങള്‍ നിറച്ച ബലൂണുകള്‍ പതിച്ചു. ദക്ഷിണകൊറിയയിലെ ഇഞ്ചിയോണ്‍ വിമാനത്താവളത്തിലാണ് ബലൂണുകള്‍ പതിച്ചത്. ഇതുമൂലം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. വിമാനത്താവളത്തില്‍ നിന്നുള്ള ടേക്ക് ഓഫിനേയും ലാന്‍ഡിങ്ങിനേയും ഇത് ബാധിച്ചുവെന്ന് ഇഞ്ചിയോണ്‍ വിമാനത്താവള വക്താവ് അറിയിച്ചു.
ഇഞ്ചിയോണ്‍ വിമാനത്താവളത്തിന്റെ പാസഞ്ചര്‍ ടെര്‍മിനലിന് സമീപത്താണ് ഒരു ബലൂണ്‍ വീണത്. രണ്ടും മൂന്നും ബലൂണുകള്‍ റണ്‍വേയുടെ സമീപത്തും വീണു. തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു.
നിരവധി ബലൂണുകള്‍ വിമാനത്താവളത്തിന്റെ അതിര്‍ത്തിയില്‍ കണ്ടെത്തിയെന്നും വക്താവ് അറിയിച്ചു. ഇതാദ്യമായല്ല ഉത്തരകൊറിയയില്‍ നിന്നും 40 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഇഞ്ചിയോണ്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇത്തരത്തില്‍ നിര്‍ത്തുന്നത്. ഇതിന് മുമ്പും ഉത്തരകൊറിയ അയച്ച ബലൂണുകള്‍ കാരണം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ 1.46 മുതല്‍ 4.44 വരെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. അതിന് ശേഷം റണ്‍വേകള്‍ തുറന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെയായതിനാല്‍ വിമാനങ്ങള്‍ കുറവായതിനാല്‍ വലിയ പ്രശ്‌നമുണ്ടായില്ലെന്നാണ് സൂചന. ഇഞ്ചിയോണില്‍ ഇറങ്ങാനിരുന്ന കാര്‍ഗോ വിമാനങ്ങള്‍ ഉള്‍പ്പെടെ എട്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.