അബുദാബി: വിഷാംശം അടങ്ങിയ അരളിചെടിക്ക് വിലക്കുമായി യുഎഇ. ചെടി വളർത്തുന്നതിലും , വിൽക്കുന്നതിലും വിലക്കുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയ അരളിച്ചെടിയുടെ അപകടസാധ്യത മുന്നിൽകണ്ടാണ് അവ നശിപ്പിക്കാൻ ഉത്തരവിട്ടതെന്ന് റെഗുലേറ്ററി ആൻഡ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൗസ സുഹൈൽ അൽ മുഹൈലി പറഞ്ഞു.
അതേസമയം,അരളിച്ചെടിയുടെ നിരോധനം യുഎഇയിലെ പൂച്ചെടി കച്ചവടക്കാർക്ക് തിരിച്ചടി നൽകിയിരിക്കുകയാണ്. വൻ വിലയ്ക്ക് ഇറക്കുമതി ചെയ്ത വിവിധ നിറത്തിലുള്ള അരളിച്ചെടിയുടെ വിൽപ്പനക്കാണ് ഇത് തിരിച്ചടിയായത്. സർക്കാർ നിർദേശപ്രകാരം ഇവ നശിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.