CMDRF

പിവിആര്‍ വിലക്ക്; മലയാള സിനിമയ്ക്ക് പിന്തുണയുമായി തെലുങ്ക് ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന

പിവിആര്‍ വിലക്ക്; മലയാള സിനിമയ്ക്ക് പിന്തുണയുമായി തെലുങ്ക് ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന
പിവിആര്‍ വിലക്ക്; മലയാള സിനിമയ്ക്ക് പിന്തുണയുമായി തെലുങ്ക് ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന

തിയേറ്റര്‍ ശൃംഖലയായ പിവിആര്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ മലയാള സിനിമയ്ക്ക് പിന്തുണയുമായി തെലുങ്ക് ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയായ ആക്ടീവ് തെലുഗു ഫിലിം പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ്. സിനിമയുടെ പ്രൊജക്ഷന്‍ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കം മൂലമായിരുന്നു പിവിആര്‍ സ്‌ക്രീനുകളില്‍ മലയാളചിത്രങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവച്ചത്.

വിഷുവിന് തിയേറ്ററുകളിലെത്തേണ്ടവയ്‌ക്കൊപ്പം അതുവരെ പ്രദര്‍ശനം നടത്തിവന്ന ചിത്രങ്ങള്‍ പിന്‍വലിക്കുകയുംകൂടി ചെയ്തതോടെയാണ് പ്രശ്‌നം വഷളായത്. തുടര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഈ പ്രശ്‌നത്തിന് താത്ക്കാലിക വിരാമമായി. കോഴിക്കോട്ടെ മിറാഷ് സിനിമാസ്, കൊച്ചി ഫോറം മാളിലെ പുതിയ ഒമ്പത് സ്‌ക്രീനുകള്‍ എന്നിവയില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കേയാണ് മലയാളസിനിമയ്ക്ക് തെലുങ്ക് നിര്‍മാതാക്കള്‍ പിന്തുണയറിയിച്ചത്.

ഇന്ത്യയിലെമ്പാടും പ്രദര്‍ശിപ്പിക്കുന്ന മലയാളസിനിമകള്‍ ഒരു മള്‍ട്ടിപ്ലെക്‌സ് ശൃംഖല ഏകപക്ഷിയമായി നീക്കംചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് തെലുഗു പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് എക്‌സില്‍ പോസ്റ്റ് ചെയ്തു. ന്യായമായ ബിസിനസ് സമ്പ്രദായങ്ങള്‍ പിന്തുടരുന്നതിനായി കേരളത്തിലെ ചലച്ചിത്ര നിര്‍മാതാക്കള്‍ക്കൊപ്പം നില്‍ക്കുന്നു. തങ്ങള്‍ എന്നും ഒരുമിച്ച് നില്‍ക്കുമെന്നും അവര്‍ അറിയിച്ചു. ഈ കുറിപ്പ് തെലുങ്കിലെ പ്രമുഖ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. പിവിആറുമായി ബന്ധപ്പെട്ടുള്ള ഈ പ്രശ്‌നങ്ങളേത്തുടര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് തെലുങ്കില്‍ മൊഴിമാറ്റിയെത്തിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനങ്ങളും മുടങ്ങിയിരുന്നു.

തെലങ്കാനയില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മൊഴിമാറ്റ പതിപ്പ് വിതരണത്തിനെത്തിച്ച മൈത്രി മൂവി മേക്കേഴ്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശശിധര്‍ റെഡ്ഡി തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് കഴിഞ്ഞയാഴ്ച പിവിആറിനെതിരെ പരാതി നല്‍കിയിരുന്നു. കേരളത്തിലെ നിര്‍മാതാക്കളുമായി പ്രശ്‌നമുണ്ടെങ്കില്‍ പിവിആര്‍ എന്തിനാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ പ്രദര്‍ശനം തടയുന്നതെന്ന് അദ്ദേഹം പരാതിയില്‍ ചോദിച്ചു. നല്ല കളക്ഷന്‍ കിട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം പ്രവൃത്തികള്‍ചെയ്യുന്നത് നല്ലതല്ലെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തെലുങ്ക് ഫിലിം ചേംബര്‍ ഉടനടി യോഗംചേരുമെന്നാണ് റിപ്പോര്‍ട്ട്.

പിവിആറും നിര്‍മാതാക്കളും തമ്മിലുള്ള ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡക്ഷന്‍ സംബന്ധിച്ച തര്‍ക്കമാണ് സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവെക്കുന്നതിലേക്ക് എത്തിയത്. വന്‍തുക നല്‍കുന്നത് ഒഴിവാക്കാന്‍ നിര്‍മാതാക്കള്‍ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അംഗീകരിക്കാന്‍ പി.വി.ആര്‍ തയ്യാറാവാതിരുന്നതാണ് തര്‍ക്കത്തിന് കാരണം. ഈ മാസം 11 മുതലാണ് വിഷു റിലീസായെത്തുന്നതും നിലവില്‍ ഓടിക്കൊണ്ടിരിക്കുന്നതുമായ മലയാള ചിത്രങ്ങളുടെ ബുക്കിങ്ങും പ്രദര്‍ശനവും പിവിആര്‍ നിര്‍ത്തിയത്. ഇതോടെ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നതും വിഷു റിലീസിന് ഒരുങ്ങിയിരുന്നതുമായ സിനിമകള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് സംവിധായകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top