സമൂഹമാധ്യമങ്ങള്‍ ഇന്ന് മനുഷ്യരില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ ഇന്ന് സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും അത്രമാത്രം മനുഷ്യനെ കീഴടക്കി കഴിഞ്ഞു. ഒരു സ്ഥലത്ത് ഇരുന്നുകൊണ്ട് വിരല്‍ത്തുമ്പിനുള്ളില്‍ ലോകത്തിന്റെ മുക്കിലും മൂലയിലും വരെ എത്താനാകും, എന്നത് തന്നെയാണ് ഇന്റര്‍നെറ്റിന്റെ പ്രത്യേകത. 90കളുടെ അവസാനം മുതല്‍ ലോകം പതുക്കെ മാറുകയായിരുന്നു. എന്നാല്‍ പിന്നീട് ഇതിലെ ചതിക്കുഴികള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരുന്നു. കുട്ടികളെ മാത്രം ലക്ഷ്യമിടുന്ന ഒരു വന്‍ സംഘം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. നടുക്കുന്ന പലസംഭവങ്ങളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങള്‍ വഴി ഉണ്ടാകുന്നത്. ഇതോടെ പല ലോകരാജ്യങ്ങളും കുട്ടികളില്‍ ഇതിന്റെ ഉപയോഗം കുറയ്ക്കാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരാനുള്ള തീരുമാനത്തിലാണ്.
ഓസ്ട്രേലിയ ആണ് ഇപ്പോള്‍ ഇത്തരത്തിലുള്ള തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി സമൂഹമാധ്യമങ്ങള്‍ നിരോധിക്കുന്നതിന് നിയമനിര്‍മ്മാണം നടത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു,
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ മെറ്റയുടെ ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയും ബൈറ്റാന്‍സിന്റെ ടിക് ടോക്കും മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന ഇലോണ്‍ മസ്‌കിന്റെ എക്‌സും ഉള്‍പ്പെടുമെന്ന് ഓസ്‌ട്രേലിയയിലെ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മിഷേല്‍ റോളണ്ട് പറഞ്ഞു. ആല്‍ഫബെറ്റിന്റെ യൂട്യൂബും നിയമത്തിന്റെ പരിധിയില്‍ വരുമെന്നും റോളണ്ട് അറിയിച്ചു.
Also Read: വാര്‍ത്തകളിലിടം പിടിച്ച് വീണ്ടും അന്യഗ്രഹജീവികള്‍
‘സമൂഹ മാധ്യമങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് വളരെ ദോഷം ചെയ്യുന്നുണ്ട്, അതുകൊണ്ട് തന്നെ അതിനായി ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയാണ്’, എന്നാണ് പ്രധാനമന്ത്രി അല്‍ബനീസ് പറഞ്ഞത്. ഈ നിയമം പാര്‍ലമെന്റംഗങ്ങള്‍ അംഗീകരിച്ചാല്‍ ഈ വര്‍ഷം തന്നെ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതം ഉണ്ടെങ്കില്‍ പോലും നിയമത്തില്‍ ഇളവുകളൊന്നും ഉണ്ടാകില്ല. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന താക്കീതാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഓസ്‌ട്രേലിയയുടെ നിര്‍ദ്ദേശം ഏറ്റവും കര്‍ശനമായ ഒന്നാണെങ്കിലും കുട്ടികള്‍ക്കിടയിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിരവധി രാജ്യങ്ങള്‍ നിയമനിര്‍മ്മാണം വഴി നിരോധിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ സമ്മതത്തോടെ കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാമെന്ന് ഫ്രാന്‍സില്‍ നിയമം ഉണ്ടെങ്കിലും 15 വയസ്സിന് താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഫ്രാന്‍സ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read:അമേരിക്കയെ വിറപ്പിച്ച് ബോംബ് ഭീഷണി; പിന്നില്‍ റഷ്യയെന്ന് ആരോപണം
സിഗരറ്റ് പായ്ക്കറ്റുകളില്‍ ഒട്ടിച്ചിരിക്കുന്ന മുന്നറിയിപ്പ് ലേബല്‍പോലെ യുവാക്കള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോഴും ഒരു മുന്നറിയിപ്പ് ലേബല്‍ കൊടുക്കണമെന്ന് അമേരിക്കയിലെ സര്‍ജന്‍ ജനറല്‍ ഡോ വിവേക് മൂര്‍ത്തി ആവശ്യപ്പെട്ടു. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഡാറ്റ ആക്‌സസ് ചെയ്യുന്നതിന് ടെക്‌നോളജി കമ്പനികളോട് രക്ഷാകര്‍ത്താവ് സമ്മതം തേടണമെന്നും അദ്ദേഹം പറഞ്ഞു. മിക്ക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ആ പ്രായത്തില്‍ താഴെയുള്ളവരെ അവരുടെ സേവനങ്ങള്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നതിന് നേതൃത്വം നല്‍കുന്നുണ്ട്.
സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ മുന്‍പന്തിയിലാണ് ഓസ്‌ട്രേലിയ. ഹാനികരമായ ചില പോസ്റ്റുകള്‍ ഇല്ലാതാക്കുന്നതില്‍ പ്ലാറ്റ്‌ഫോം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് രാജ്യത്തെ ഓണ്‍ലൈന്‍ വാച്ച് ഡോഗ് ഇലോണ്‍ മസ്‌കിന്റെ എക്‌സുമായി ഒരു കടുത്ത മത്സരത്തില്‍ തന്നെയാണ്. ഓണ്‍ലൈന്‍ സുരക്ഷാ ബാധ്യതകള്‍ ലംഘിച്ചതിന് ടെക് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള അധികാരങ്ങള്‍ വിശദീകരിക്കുന്ന ബില്ലും സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം അവതരിപ്പിച്ചു.
Also Read:ഭ്രമണപഥത്തിലെത്തിലേറിയ ഇറാന്‍-റഷ്യ ബന്ധം
കുട്ടികളില്‍ സമൂഹമാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം
ഇന്നത്തെ സമൂഹത്തില്‍ കുട്ടികളുടെ പഠനശേഷിയെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. സമൂഹ മാധ്യമങ്ങളില്‍ നല്ലതും ചീത്തതുെ, അറിവ് വളര്‍ത്തുന്നതും, ചിന്തകളെ സ്വാധീനിക്കുന്നതുമൊക്കെയായ ധാരാളം കാര്യങ്ങളുണ്ട്. വീട്ടുകാരുമൊത്തോ, കൂട്ടുകാരുമൊത്തോ, സ്‌കൂളിലോ ഒക്കെയായി സമയം ചിലവഴിക്കുന്നതിന് പകരം കുട്ടികള്‍ കൂടുതലായും സമയം ചിലവഴിക്കുന്നത് ഫോണുകളിലാണ്. പക്ഷെ ഇത്തരത്തിലുള്ള വളര്‍ച്ച കുട്ടികളുടെ മാനസിക നിലയെ കാര്യമായി തന്നെ ബാധിക്കും. കുട്ടികളുടെ വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളെ ഇല്ലാതാക്കി , സാമൂഹിക മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന നെഗറ്റീവ് ഇംപാക്ട് രാജ്യത്തിന്റെ അടുത്ത തലമുറയെ ചിലപ്പോള്‍ പ്രതികൂലമായി ബാധിച്ചേക്കാം. ഇതെല്ലാം കണക്കിലെടുത്താണ് ഓസ്ട്രേലിയ അടക്കമുള്ള ചില രാജ്യങ്ങള്‍ കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ കര്‍ശന നിയമം കൊണ്ടുവരുന്നത്.