ഇന്ത്യയിലെ തകരുന്ന അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ഉദാഹരണമാണ് ബാന്ദ്രയിലേത്; രാഹുല്‍ ഗാന്ധി

ആത്മാര്‍ഥമായി ജനങ്ങളെ സേവിക്കുന്നതിലൂടെ ലഭിക്കുന്ന അടിത്തറയുണ്ടെങ്കില്‍ മാത്രമേ ഉദ്ഘാടനങ്ങള്‍ക്കും ഘോഷണങ്ങള്‍ക്കും അര്‍ഥമുണ്ടാകുകയുള്ളൂ.

ഇന്ത്യയിലെ തകരുന്ന അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ഉദാഹരണമാണ് ബാന്ദ്രയിലേത്; രാഹുല്‍ ഗാന്ധി
ഇന്ത്യയിലെ തകരുന്ന അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ഉദാഹരണമാണ് ബാന്ദ്രയിലേത്; രാഹുല്‍ ഗാന്ധി

മുംബൈ: മുംബൈ ബാന്ദ്ര ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ തിരക്കില്‍പ്പെട്ട് ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ തകരുന്ന അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ഉദാഹരണമാണ് ബാന്ദ്രയിലേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആത്മാര്‍ഥമായി ജനങ്ങളെ സേവിക്കുന്നതിലൂടെ ലഭിക്കുന്ന അടിത്തറയുണ്ടെങ്കില്‍ മാത്രമേ ഉദ്ഘാടനങ്ങള്‍ക്കും ഘോഷണങ്ങള്‍ക്കും അര്‍ഥമുണ്ടാകുകയുള്ളൂ. ഉദ്ഘാടനത്തിനുശേഷം മോശം പരിപാലനത്താലും പൊതുമുതലിനോടുള്ള അവഗണനയാലും ജീവന്‍ നഷ്ടപ്പെടുന്നതും പാലങ്ങളും പ്ലാറ്റ്ഫോമുകളും തകര്‍ന്ന് വീഴുന്നത് ആശങ്കയുയര്‍ത്തുന്ന കാര്യമാണ്- രാഹുല്‍ എക്സില്‍ കുറിച്ചു.

Also Read: ‘സിങ്കം എഗെയ്ന്‍’ ടൈറ്റില്‍ ട്രാക്ക് എത്തി

കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായ ബാലസോറിലെ ട്രെയിന്‍ അപകടത്തില്‍ 300 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുപകരം, ബിജെപി സര്‍ക്കാര്‍ അവരെ നീണ്ട നിയമപോരാട്ടങ്ങളിലേക്ക് വലിച്ചിഴച്ചു. ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് ഛത്രപതി ശിവജി മഹാരാജ് പ്രതിമ തകരുകയുണ്ടായി. ശിവാജി മഹാരാജിനോടുള്ള ആദരവോ പൊതുസുരക്ഷയെ കുറിച്ചുള്ള ആശങ്കയോ അല്ല, കേവലം പബ്ലിസിറ്റി മാത്രമായിരുന്നു ഉദ്ദേശ്യമെന്ന് ആ സംഭവം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്- അദ്ദേഹം കുറിച്ചു.

ബിസിനസ് സുഗമമാക്കുക, യാത്ര ലഘൂകരിക്കുക, സുരക്ഷ ഉറപ്പാക്കുക തുടങ്ങി ഒരു സാധാരണക്കാരന്റെ ആവശ്യങ്ങളെയും അഭിസംബോധനചെയ്യുന്ന ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളാണ് ഇന്ന് രാജ്യത്തിനുവേണ്ടതെന്നും കഴിവും കരുത്തുമുള്ള ഇന്ത്യയ്ക്ക് പൊതുസേവനത്തിനായി സമര്‍പ്പിക്കപ്പെട്ടതും രാജ്യത്തിന് ശക്തമായ ഭാവി കെട്ടിപ്പടുക്കുന്നതുമായ ‘ഫലപ്രദവും സുതാര്യവുമായ സംവിധാനം’ മാത്രമേ ആവശ്യമുള്ളൂ എന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

Top