CMDRF

ബംഗ്ലാദേശ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാകില്ലെന്ന് പാര്‍ഥിവ് പട്ടേല്‍

ബംഗ്ലാദേശിനെതിരായ രണ്ടുടെസ്റ്റുകളുടെ പരമ്പരയ്ക്ക് വ്യാഴാഴ്ച ചെന്നൈയിലാണ് തുടക്കമാകുന്നത്

ബംഗ്ലാദേശ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാകില്ലെന്ന് പാര്‍ഥിവ് പട്ടേല്‍
ബംഗ്ലാദേശ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാകില്ലെന്ന് പാര്‍ഥിവ് പട്ടേല്‍

ചെന്നൈ: ശക്തമായ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് ബംഗ്ലാദേശ് ബൗളര്‍മാര്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന് തോന്നുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം പാര്‍ഥിവ് പട്ടേല്‍. ഇന്ത്യയുടേത് മികച്ച ടീമാണ്. ഏത് ടീമിനേയും നേരിടാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ജിയോ സിനിമ സംഘടിപ്പിച്ച സംവാദപരിപാടിയിലാണ് പാര്‍ഥിവിന്റെ പ്രതികരണം.

ഏകദിനത്തില്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടിയെന്നതില്‍ സംശയമില്ല. എന്നാല്‍ ഇത് വ്യത്യസ്തമായ ഫോര്‍മാറ്റാണ്. ഷാക്കിബും മെഹ്ദി ഹസ്സനും മികച്ച ബൗളര്‍മാരാണെങ്കിലും ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും പാര്‍ഥിവ് പറഞ്ഞു.

Also Read: പ്രായം കുറഞ്ഞ ഗോൾ വേട്ടക്കാരനായി ചാമ്പ്യൻസ് ലീഗിൽ റയലിന്റെ എൻഡ്രിക്

ഋഷഭ് പന്ത് എല്ലാവര്‍ക്കും പ്രചോദനമാണ്. അദ്ദേഹത്തിന്റേത് ഉജ്ജ്വലമായ തിരിച്ചുവരവാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം അദ്ദേഹമൊരു വിജയശില്‍പ്പിയാണെന്നും കീപ്പിങ്ങില്‍ പന്ത് മികച്ചുനില്‍ക്കുന്നുണ്ടെന്നും പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.മത്സരത്തിന്റെ ഗതി മനസിലാക്കാനും സമ്മര്‍ദം നിറഞ്ഞ സാഹചര്യത്തില്‍ മികച്ച രീതിയില്‍ പന്തെറിയാനും സാധിക്കുന്നതാണ് ജസ്പ്രീത് ബുംറയെ മറ്റു ബൗളര്‍മാരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നതെന്നും പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിനെതിരായ രണ്ടുടെസ്റ്റുകളുടെ പരമ്പരയ്ക്ക് വ്യാഴാഴ്ച ചെന്നൈയിലാണ് തുടക്കമാകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇപ്പോൾ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യയുടെ ആദ്യലക്ഷ്യം ആ സ്ഥാനം നിലനിർത്തുക എന്നതുതന്നെ. പട്ടികയിൽ നാലാംസ്ഥാനത്തുള്ള ബംഗ്ലാദേശിന് ആ സ്ഥാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. 27 മുതൽ കാൺപുരിലാണ് രണ്ടാംടെസ്റ്റ്.

Top