ശ്രീലങ്കയെ വീഴ്ത്തി ബംഗ്ലാദേശ്, ജയം രണ്ട് വിക്കറ്റിന്

ശ്രീലങ്കയെ വീഴ്ത്തി ബംഗ്ലാദേശ്, ജയം രണ്ട് വിക്കറ്റിന്

ഡാളസ്: ടി20 ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ രണ്ട് വിക്കറ്റിന് വീഴ്ത്തി ബംഗ്ലാദേശിന്റെ പ്രതികാരം. 125 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നിര്‍ത്തി ലക്ഷ്യത്തിലെത്തി. സ്‌കോര്‍ ശ്രീലങ്ക 20 ഓവറില്‍ 124-9, ബംഗ്‌സാദേശ് 19 ഓവറില്‍ 125-8. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്ക തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റതോടെ ഡി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. നെതര്‍ലന്‍ഡ്‌സിനെയും നേപ്പാളിനെയും നേരിടാനുള്ള ശ്രീലങ്കക്ക് ഇനിയുള്ള രണ്ട് കളികളിലും വമ്പന്‍ ജയം നേടുകയും എതിരാളികളുടെ മത്സരഫലം അനുകൂലമാകുകയും ചെയ്താല്‍ മാത്രമെ സൂപ്പര്‍ എട്ടിലെത്താനാവു.

125 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാ കടുവകള്‍ തുടക്കത്തില്‍ 28-3ലേക്ക് കൂപ്പുകുത്തിയെങ്കിലും തൗഹിദ് ഹൃദോയിയും(20 പന്തില്‍ 40), ലിറ്റണ്‍ ദാസും(36) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ അനായാസം ലക്ഷ്യത്തോട് അടുത്തു. പന്ത്രണ്ടാം ഓവറില്‍ 91-3 എന്ന ശക്തമായ നിലയിലായിരുന്ന ബംഗ്ലാദേശ് പിന്നീട് നാടകീയമായി തകര്‍ന്നടിഞ്ഞതോടെ കളി ആര്‍ക്കും ജയിക്കാമെന്നായി. പതിനെട്ടാം ഓവറില്‍ നുവാന്‍ തുഷാര റിഷാദ് ഹൊസൈനെയും ടസ്‌കിന്‍ അഹമ്മദിനെയും വീഴ്ത്തി ബംഗ്ലാദേശിനെ 114-8 എട്ടിലേക്ക് തള്ളിവിട്ടു.

Top