ധാക്ക: സംഘർഷം രൂക്ഷമായ ബംഗ്ലാദേശിൽ നിന്ന് എത്തുന്നവർക്ക് ആവശ്യമെങ്കിൽ അഭയം ഒരുക്കുമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്ന് ബംഗ്ലാദേശ്. മമത ബാനർജിയുടെ പ്രസ്താവനയിൽ കേന്ദ്ര സർക്കാറിന് ബംഗ്ലാദേശ് കത്തയച്ചു. മമതയുടെ പരാമർശങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഹസൻ മഹ്മൂദ് ചൂണ്ടിക്കാട്ടി.
‘പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ഞങ്ങൾക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. എന്നാൽ, അവരുടെ പരാമർശങ്ങൾ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. അതിനാൽ, ഞങ്ങൾ ഇന്ത്യാ സർക്കാരിന് ഒരു കത്ത് നൽകിയിട്ടുണ്ട്’ -ഹസൻ മഹ്മൂദ് പറഞ്ഞു.
കൊൽക്കത്തയിൽ നടന്ന പാർട്ടി റാലിയിലാണ് ബംഗ്ലാദേശിൽനിന്നുള്ളവർക്ക് ആവശ്യമെങ്കിൽ അഭയം ഒരുക്കുമെന്ന് മമത പ്രഖ്യാപനം നടത്തിയത്. ഇതോടെ വിശദീകരണം ചോദിച്ച് ഗവർണർ സി.വി. ആനന്ദബോസ് രംഗത്തെത്തിയിരുന്നു. വിദേശത്തു നിന്ന് വരുന്ന ആളുകളെ താമസിപ്പിക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനാ വിഷയമാണ്. ബംഗ്ലാദേശികൾക്ക് അഭയം നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഗുരുതര ഭരണഘടനാ ലംഘനത്തെ സൂചിപ്പിക്കുന്നതാണെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടി.
മമതയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമവും വെച്ചുപൊറുപ്പിക്കില്ലെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. പശ്ചിമ ബംഗാൾ ഇന്ത്യയുടെ ഭാഗമാണ്. അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി നിയമത്തെ മമതാ ബാനർജി ശക്തമായി എതിർത്തിട്ടുണ്ട്. പക്ഷെ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാൻ മമത ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിൽ രൂക്ഷമായ സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 130ലധികം പേരാണ് കൊല്ലപ്പെട്ടത്. 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പോരാളികളുടെ പിന്മുറക്കാർക്ക് 30 ശതമാനം ഉൾപ്പെടെ മൊത്തം 56 ശതമാനം സംവരണമാണ് രാജ്യത്ത് വിവിധ വിഭാഗങ്ങൾക്കായി നിലവിലുണ്ടായിരുന്നത്. 2018ൽ ശൈഖ് ഹസീന സർക്കാർ സംവരണ ക്വോട്ട സംവിധാനം എടുത്തുകളഞ്ഞിരുന്നെങ്കിലും കഴിഞ്ഞ മാസം കീഴ് കോടതി പുനഃസ്ഥാപിക്കുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥികൾ രാജ്യവ്യാപകമായി തെരുവിലിറങ്ങിയത്. സംവരണം സുപ്രീം കോടതി റദ്ദാക്കിയെങ്കിലും തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് വിദ്യാർഥി നേതാക്കളുടെ നിലപാട്.