പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ സമുദ്രപാതയിലൂടെയുള്ള പുതിയ വ്യാപാര ദൗത്യത്തിന് തുടക്കം കുറിച്ചതോടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ബംഗ്ലാദേശിലേക്കുള്ള പാകിസ്ഥാന്റെ ആദ്യത്തെ നേരിട്ടുള്ള ചരക്ക് കപ്പൽ, ബംഗ്ലാദേശിലെ ചിറ്റഗോങിലാണ് കഴിഞ്ഞയാഴ്ച നങ്കൂരമിട്ടത്. പാനമയുടെ പതാകവെച്ച യുവാൻ സിയാങ് ഫാ സാൻ എന്ന കപ്പലാണ് ബംഗ്ലാദേശിലെത്തിയത്.
പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ 1971ലെ തർക്കത്തിനും പിരിമുറുക്കത്തിനും ശേഷമാണ് നീണ്ട 50 വർഷങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ സമുദ്രപാത വഴിയുള്ള വ്യാപാരബന്ധത്തിന് തുടക്കമിട്ടിരിക്കുന്നത്. അതേസമയം, ഇന്ത്യ ഈ ബന്ധത്തെ വളരെ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്. മേഖലയിലെ തന്ത്രപരമായ പുനഃക്രമീകരണത്തിന് ഇത് വഴിവെക്കുമോയെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. ബംഗ്ലാദേശിന്റെ പ്രധാന സൗഹൃദ രാജ്യവും വാണിജ്യ പങ്കാളിയുമാണ് ഇന്ത്യ. എന്നാൽ, ചൈനയും പാകിസ്ഥാനുമായുള്ള തന്ത്രപരമായ ബന്ധങ്ങൾ, ബംഗ്ലാദേശിന് കൂടുതൽ നേട്ടമുണ്ടാക്കുമോ എന്നാണ് ഇപ്പോൾ പ്രധാനമായും ചോദ്യം ഉയരുന്നത്.
പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ നേരിട്ടുള്ള ചരക്കു കപ്പൽ വ്യാപാരം ആരംഭിച്ചത് ചരിത്രപരമായ മാറ്റത്തിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമമായിട്ടാണ് കാണുന്നത്. മാത്രമല്ല ബംഗ്ലാദേശിൽ അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കിയ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള പുതിയ ഇടക്കാല സർക്കാരിന് കീഴിൽ പാകിസ്ഥാനുമായുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ സൂചനയാണിത്.
എന്നാൽ ബംഗ്ലാദേശുമായി വലിയ അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ സുരക്ഷയ്ക്ക് ഇത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമോയെന്ന് ആശങ്കയുണ്ട്. പാകിസ്ഥാൻ, ബംഗ്ലാദേശുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനൊപ്പം മേഖലയിലെ ശക്തിസമവാക്യങ്ങൾ മാറുന്നത് ഇന്ത്യക്ക് പുതിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. ഈ വ്യാപാര ബന്ധങ്ങൾ മെച്ചപ്പെട്ടാൽ, ഭൗതിക സുരക്ഷയും സാമ്പത്തിക തന്ത്രവും പുനർനിർമിക്കേണ്ട അവസ്ഥ ഇന്ത്യയ്ക്ക് മുന്നിൽ വരും.
Also Read: ഇറാന്റെ പിന്തുണയോടെ ഹമാസിന് പുതിയ നേതാവ്; ഉറക്കം നഷ്ടപ്പെട്ട് നെതന്യാഹു
ബംഗ്ലാദേശിലെ ചിറ്റഗോങിൽ ‘എംവി യുവാൻ സിയാൻ ഫാ സോങ്’ എന്ന കപ്പൽ ബംഗ്ലാദേശിലെ തുറമുഖത്തെത്തി പാകിസ്ഥാനിൽ നിന്ന് ചരക്ക് ഇറക്കിയ ശേഷം ഉടൻ പുറപ്പെടുകയായിരുന്നു. പാകിസ്ഥാനിൽ നിന്നും യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ നിന്നും ബംഗ്ലാദേശിലെ പ്രധാന വസ്ത്ര വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുക്കളും അടിസ്ഥാന ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള ചരക്കുകളാണ് ചിറ്റഗോങ് തുറമുറത്ത് എത്തിച്ചത്.
ധാക്കയിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പാകിസ്ഥാൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ബംഗ്ലാദേശുമായുള്ള പുതിയ വ്യാപാര ബന്ധത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സമുദ്ര ബന്ധം അത്യന്താപേക്ഷിതമാണ്’ എന്ന യൂനസിന്റെ പരാമർശം, വിപണിയും ഗതാഗതവും സുതാര്യമാക്കുന്നതിനുള്ള തന്ത്രപരമായ ഒരു കണക്കുകൂട്ടലാണെന്ന് നയതന്ത്രജ്ഞർ വിലയിരുത്തുന്നു.
Also Read:യുദ്ധത്തെ മുന്നില്‍കണ്ട് നോര്‍ഡിക് രാജ്യങ്ങള്‍; കരുതിയിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം
അസംസ്‌കൃത വസ്തുക്കളുടെയും വ്യവസായ ചരക്കുകളുടെയും നേരിട്ടുള്ള കൈമാറ്റം, ബംഗ്ലാദേശിന്റെ വ്യവസായ മേഖലയെ ത്വരിതപ്പെടുത്തും. അതേസമയം, ബംഗ്ലാദേശ്, പാകിസ്ഥാന്റെ വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ആഗോള വിപണിയിൽ കൂടുതൽ അധികാരം നേടുമെന്ന് വിലയിരുത്തുന്നു. അതേസമയം, ഷെയ്ഖ് ഹസീനയുടെ കാലത്ത് ബംഗ്ലാദേശ് പാകിസ്ഥാനെ അകറ്റി നിർത്തുന്ന ഒരു നയമാണ് സ്വീകരിച്ചിരുന്നത്. അവർ ബംഗ്ലാദേശിനെ ഇന്ത്യയിലേക്ക് അടുപ്പിക്കുന്ന ഒരു നയമാണ് സ്വീകരിച്ചിരുന്നത്.
ഹസീനയെ ബംഗ്ലാദേശിൽ നിന്ന് പുറത്താക്കിയതിനുശേഷം – ഓഗസ്റ്റിൽ അവർ ധാക്കയിൽ നിന്ന് പലായനം ചെയ്തു. തുടർന്ന് അധികാരത്തിൽ വന്ന മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാർ പാകിസ്ഥാനുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
നേരിട്ടുള്ള ഷിപ്പിംഗ് റൂട്ടിന് പുറമെ, ഇരു രാജ്യങ്ങളും തമ്മിൽ അടുത്തുവരുന്നതിന്റെ സൂചനകൾ വേറെയുമുണ്ട്. സെപ്റ്റംബർ 11 ന്, പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ 76-ാം ചരമവാർഷികം ധാക്കയിലെ നാഷണൽ പ്രസ് ക്ലബ്ബിൽ ഉറുദു കവിതകളോടെ ആചരിച്ചു. പരിപാടിയിൽ പങ്കെടുത്തവർ ജിന്നയെ പുകഴ്ത്തി, ‘ജിന്ന നമ്മുടെ രാഷ്ട്രത്തിന്റെ പിതാവാണ്’ എന്നും പാകിസ്ഥാൻ ഇല്ലെങ്കിൽ ഇന്ന് ബംഗ്ലാദേശ് നിലനിൽക്കില്ല എന്നും ഒരാൾ പറഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
Also Read: ദീർഘദൂര മിസൈൽ യുക്രെയിന്‍ ഉപയോഗിച്ചാൽ അമേരിക്കയെ ആക്രമിക്കും, ബൈഡൻ്റെ നീക്കത്തിൽ റഷ്യ!
ഇതിനിടെ, പുതിയ പീരങ്കികൾക്കായി ബംഗ്ലാദേശ് പാകിസ്ഥാനെ സമീപിച്ചെന്ന വാർത്ത ആശങ്കയോടെയാണ് ഇന്ത്യ നോക്കിക്കണ്ടത്. 40,000 വെടിയുണ്ടകൾ, സ്‌ഫോടകവസ്തുക്കൾക്കുള്ള മെഴുക്, 40 ടൺ ആർഡിഎക്‌സ്, ഉയർന്ന തീവ്രതയുള്ള പ്രൊജക്ടൈലുകൾ എന്നിവയാണ് ബംഗ്ലാദേശ് പാകിസ്ഥാനിൽ നിന്നും വാങ്ങിയത്.
ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീൻ പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ പരമ്പരാഗതമായി ആയുധങ്ങൾക്കായി പാകിസ്ഥാൻ, ചൈനീസ് വിതരണക്കാരെയാണ് ആശ്രയിക്കുന്നത്, ഈ പാത ഇരു രാജ്യങ്ങൾക്കുമിടയിൽ തുറക്കുന്നതോടെ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. അവർക്ക് ഇന്ത്യൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന പ്രവർത്തകർ ഉണ്ടെന്നതാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. മാത്രമല്ല, നുഴഞ്ഞുകയറ്റത്തിന്റെ അപകടം ഇപ്പോൾ കൂടുതൽ ചൈനീസ്-പാകിസ്ഥാൻ നിർമ്മിത ആയുധങ്ങൾക്കൊപ്പം ഉണ്ടായേക്കാം. കൂടാതെ, ചരക്ക് നീക്കങ്ങൾ വളരുന്ന വ്യാപാര ബന്ധത്തെ സൂചിപ്പിക്കുന്നുവെന്ന് പാകിസ്ഥാനും ബംഗ്ലാദേശും അവകാശപ്പെടുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മോശമാണ് എന്നതാണ് സത്യം, പകരം ബംഗ്ലാദേശ് ഇന്ത്യൻ ഉൽപ്പന്നങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത് . എന്തുതന്നെയായാലും ബംഗ്ലാദേശ്-പാകിസ്ഥാൻ കൂട്ടുകെട്ടിനെ സംശയത്തോടെ തന്നെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.
Also Read: യുദ്ധക്കൊതിയനായ ബൈഡന്റേത് ‘ കടുത്ത തീരുമാനം’; ആഞ്ഞടിച്ച് ഇലോണ്‍ മസ്‌ക്
സിംഗപ്പൂരിലെയോ കൊളംബോയിലെയോ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകൾ വഴി പാകിസ്ഥാനും ബംഗ്ലാദേശും ചെറിയ വ്യാപാരങ്ങൾ നടത്തിയിരുന്നു. എന്നാൽ ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള വ്യാപാര പാത തുറന്നതോടെ, പാകിസ്ഥാന് മാത്രമല്ല, ചൈനയ്ക്കും ഇന്ത്യയുടെ പരിസരത്ത് പ്രശ്നമുണ്ടാക്കാനുള്ള സാധ്യത വർദ്ധിച്ചു എന്നുതന്നെ പറയാം.
എന്തായാലും ബംഗ്ലാദേശിന്റെയും പാകിസ്ഥാന്റെയും കടൽ മാർഗമുള്ള വ്യാപാര പാത ഇന്ത്യയെ സംബന്ധിച്ച് ആശങ്കതന്നെയാണ്. ഇതുവഴി തീവ്രവാദ പ്രവർത്തനങ്ങളും ചൈനയുടെ കൈകടത്തലുകളും ഉണ്ടാകാം. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് ഈ മേഖലയിൽ അതീവജാഗ്രത പുലർത്തേണ്ടിവരുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു. ബംഗ്ലാദേശിൽ ഷേയ്ഖ് ഹസീനയല്ലാത്തതും, മുഹമ്മദ് യൂനൂസ് ഒരു പാകിസ്ഥാൻ അനുഭാവിയാണെന്നതിനാലും ഇനി കാര്യങ്ങൾ ഇന്ത്യയ്ക്ക് അത്ര എളുപ്പമാകില്ല. ഭാവിയിൽ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ്-പാകിസ്ഥാൻ-ചൈന സഖ്യങ്ങൾ രൂപീകൃമാകാനും സാധ്യതയുണ്ട്.