ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ ഇന്ന് രാത്രി അധികാരമേൽക്കും

ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ ഇന്ന് രാത്രി അധികാരമേൽക്കും
ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ ഇന്ന് രാത്രി അധികാരമേൽക്കും

ധാക്ക: ബംഗ്ലാദേശിൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാത്രി എട്ട് മണിക്കായിരിക്കും സത്യപ്രതിജ്ഞയെന്ന് കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ അറിയിച്ചു. സർക്കാറിനെ നയിക്കാമെന്ന് സമ്മതിച്ച മുഹമ്മദ് യൂനുസ് വ്യാഴാഴ്ച ഉച്ചക്ക് പാരിസിൽനിന്ന് മടങ്ങിയെത്തും.

15 അംഗ മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തുമെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കലുഷിതമായ അന്തരീക്ഷം ശാന്തമാക്കുകയെന്ന ദൗത്യമാണ് മുഹമ്മദ് യൂനുസിനു മുന്നിലുള്ളത്. സമാധാനം പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് നിയുക്ത പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ചർച്ചകളിൽ വിദ്യാർഥി പ്രതിനിധികളുടെ ആവശ്യങ്ങൾക്കു തന്നെയാണ് മുൻതൂക്കം.

വിദ്യാർഥികളെ പ്രകീർത്തിച്ച് ജയിൽമോചിതയായ മുൻ പ്രധാനമന്ത്രി ഖാലിദ സിയയും രംഗത്തുവന്നിരുന്നു. മൂന്ന് മാസത്തിനകം രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.ധാക്കയിൽ ബംഗ്ലാദേശ് നാഷനൽ പാർട്ടിയുടെ വമ്പൻ റാലിയാണ് ബുധനാഴ്ച നടന്നത്.

Top