ധാക്ക: ഗ്രാമീണ ടെലികോം തൊഴിലാളികളുടെ ലാഭ പങ്കാളിത്ത ഫണ്ടിൽ നിന്ന് 25.22 കോടി രൂപ ദുരുപയോഗം ചെയ്‌തെന്ന അഴിമതിക്കേസിൽ മുഹമ്മദ് യൂനുസിനെ കുറ്റവിമുക്തനാക്കിയാതായി റിപ്പോർട്ട്. ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മേധാവിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത മൂന്ന് ദിവസത്തിന് ശേഷമാണ് നടപടി. ഗ്രാമീണ ടെലികോം വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് വെൽഫെയർ ഫണ്ടിൽ നിന്നുള്ള പണം ദുരുപയോഗം ചെയ്തെന്നതായിരുന്നു അദ്ദേഹത്തിന്റെ മേൽ ചുമത്തിയിരുന്ന കുറ്റം.
ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ ആയിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തിരുന്നത്. ക്രിമിനൽ നടപടി ചട്ട പ്രകാരമുള്ള കേസ് പിൻവലിക്കണമെന്ന അഴിമതി വിരുദ്ധ കമ്മീഷന്റെ അപേക്ഷ സ്വീകരിച്ച് ധാക്കയിലെ സ്പെഷ്യൽ ജസ്റ്റിസ് കോർട്ട് 4 ലെ ജഡ്ജി എം.ഡി റബീഉൾ ആലം കേസ് പിൻവലിക്കുകയായിരുന്നെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം മറ്റൊരു തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ യൂനുസ് കുറ്റവിമുക്തനാക്കി നാല് ദിവസത്തിന് ശേഷമാണ് പുതിയ വിധി.
തൊഴിൽ നിയമ ലംഘനം ആരോപിച്ച് ഫയൽ ചെയ്ത കേസിൽ യൂനുസിന്റെ ആറ് മാസത്തെ ജയിൽ ശിക്ഷ ഓഗസ്റ്റ് ഏഴിന് ലേബർ അപ്പലേറ്റ് ട്രിബ്യുണൽ റദ്ദാക്കിയിരുന്നു. ഈ വർഷം ജൂൺ 12നായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തത്. പിന്നാലെ ഏപ്രിൽ 2ന് ധാക്കയിലെ മെട്രോപൊളിറ്റൻ സീനിയർ സ്‌പെഷ്യൽ ജഡ്‌ജിയുടെ കോടതി കുറ്റങ്ങൾ അംഗീകരിച്ചു. തുടർന്ന് കേസ് തുടർനടപടികൾക്കായി സ്‌പെഷ്യൽ കോർട്ട് 4ലേക്ക് മാറ്റുകയായിരുന്നു.