ധാക്ക: ബംഗ്ലാദേശ് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സയ്യിദ് രിഫാത് അഹ്മദ് സത്യപ്രതിജ്ഞ ചെയ്തു. ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇടക്കാല സർക്കാറിന്റെ തലവനായ പ്രഫ. മുഹമ്മദ് യൂനുസ് ചടങ്ങിൽ പങ്കെടുത്തു.
ബംഗ്ലാദേശിന്റെ 25ാമത്തെ ചീഫ് ജസ്റ്റിസായി രിഫാത് അഹ്മദിനെ ശനിയാഴ്ചയാണ് പ്രസിഡന്റ് നിയമിച്ചത്. ഹൈകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് അദ്ദേഹം. യു.എസിലെ ഓക്സ്ഫഡ്, ടഫ്റ്റ്സ് സർവകലാശാലകളിലും ധാക്ക സർവകലാശാലയിലുമാണ് പഠനം പൂർത്തിയാക്കിയത്.
വിദ്യാർഥി പ്രക്ഷോഭകരുടെ അന്ത്യശാസനയെ തുടർന്ന് ശൈഖ് ഹസീനയുടെ വിശ്വസ്തനായ ജസ്റ്റിസ് ഉബൈദ് ഹസനും മറ്റ് അഞ്ച് ഡിവിഷൻ ബെഞ്ച് ജഡ്ജിമാരും രാജിവെച്ചതോടെയാണ് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ചത്.
ശൈഖ് ഹസീന രാജിവെച്ച് നാടുവിട്ടതിന്റെ അഞ്ചാം ദിവസമാണ് വിവേചന വിരുദ്ധ വിദ്യാർഥി മുന്നേറ്റം സംഘടനയുടെ നേതൃത്വത്തിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ നിരവധി ജഡ്ജിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച സുപ്രീംകോടതി വളഞ്ഞത്.