ധാക്ക: സർക്കാർമേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ 123 പേർ കൊല്ലപ്പെട്ട ബംഗ്ലാദേശിൽ സർക്കാർ വെള്ളിയാഴ്ച നിശാനിയമം പ്രഖ്യാപിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കൂർ നിശാനിയമത്തിൽ ഇളവുനൽകി. നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെക്കാൻ പോലീസിനു നിർദേശമുണ്ട്.
തലസ്ഥാനമായ ധാക്കയിലെ പ്രധാനതെരുവുകളിലെല്ലാം പട്ടാളം നിലയുറപ്പിച്ചു. റോഡുകളടച്ചു. പുറത്തിറങ്ങിയവരെ തിരിച്ചറിയൽരേഖകൾ പരിശോധിച്ചാണ് കടത്തിവിട്ടത്. പ്രക്ഷോഭം നേരിടാൻ വ്യാഴാഴ്ചതന്നെ പ്രധാനനഗരങ്ങളിലെല്ലാം സർക്കാർ സൈന്യത്തെ വിന്യസിച്ചിരുന്നു.
അതിനിടെ, വെള്ളിയാഴ്ച മധ്യധാക്കയിലെ നർസിങ്ദിയിൽ ജയിലിൽ ഇരച്ചുകയറി 850 തടവുകാരെ പ്രക്ഷോഭകർ മോചിപ്പിച്ചു. ജയിൽക്കെട്ടിടത്തിന് തീയിട്ടു. കൂട്ടംചേരൽ നിരോധിച്ചശേഷവും പ്രതിഷേധിച്ചവർക്കെതിരേ പലയിടത്തും പോലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.
ചിലയിടത്ത് ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാർഥിസംഘടനയും പ്രതിഷേധക്കാരും ഏറ്റമുട്ടി. ഒട്ടേറെപ്പേരെ അറസ്റ്റുചെയ്തു. അന്താരാഷ്ട്ര അവകാശസംഘടനകളും യൂറോപ്യൻ യൂണിയനും സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തി.