ബംഗ്ലാദേശ് കലാപം ; സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ബംഗ്ലാദേശ് കലാപം ; സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍
ബംഗ്ലാദേശ് കലാപം ; സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. രാവിലെ യോഗം നടക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സ്ഥിതിഗതികള്‍ വിശദീകരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് പ്രകാരം തിങ്കളാഴ്ച ബംഗ്ലാദേശില്‍ 135 പേരാണ് കൊല്ലപ്പെട്ടത്. പ്രകടനക്കാരും അവാമി ലീഗ് അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 98 പേരോളം കൊല്ലപ്പെട്ടതായിട്ടായിരുന്നു ഒദ്യോഗിക സ്ഥിരീകരണത്തില്‍ പുറത്തുവരുന്നത് . സവര്‍, ധമ്രായ് മേഖലകളില്‍ 18 പേരെങ്കിലും കൊല്ലപ്പെട്ടു. വിവിധ പരിക്കുകളോടെ 500 പേരെ ആശുപത്രിയില്‍ എത്തിച്ചതായി ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രോതോം അലോ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് മണിക്കൂറുകള്‍ക്കകം ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. 2024 ജനുവരിയില്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിലവില്‍ വന്ന പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് പ്രഖ്യാപിച്ചത്. കര, നാവിക, വ്യോമസേനാ മേധാവികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രാജ്യത്തെ പ്രമുഖരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഷെയ്ഖ് ഹസീന രാജിവച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം നിലവില്‍ വരും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍ കൂടിക്കാഴ്ച നടത്തി.

സൈന്യം ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാന്‍ പ്രതിഷേധക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ സൈനിക ഭരണമല്ല ബംഗ്ലാദേശിന് ആവശ്യമെന്നാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭകരുടെ നിലപാട്. നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രതിഷേത്തിന്റെ കോര്‍ഡിനേറ്റര്‍മാര്‍ ആഹ്വാനം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇവരുടെ ആഹ്വാനം. അവര്‍ പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തിനായി വാദിക്കുകയും മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് മുഹമ്മദ് യൂനസിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഒരു ഇടക്കാല സര്‍ക്കാര്‍ ചുമതലയേല്‍ക്കുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാനാണ് അറിയിച്ചത്. എല്ലാ കൊലപാതകങ്ങളും അന്വേഷിക്കുമെന്നും ഉത്തരവാദികളെ ശിക്ഷിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒരു സൈന്യവും പൊലീസും ഒരു തരത്തിലുള്ള വെടിവയ്പ്പിലും ഏര്‍പ്പെടരുതെന്ന് താന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇപ്പോള്‍, വിദ്യാര്‍ത്ഥികളുടെ കടമ ശാന്തമായിരിക്കുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഷെയ്ഖ് ഹസീന രാജിവെച്ച് മണിക്കൂറുകള്‍ക്കകം അവരുടെ ഏറ്റവും വലിയ എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രസിഡന്റ് ഷഹാബുദ്ദീന്‍ പ്രഖ്യാപിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെയായി രാഷ്ട്രീയ എതിരാളികളാണ് ഹസീനയും സിയയും.

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ധാക്കയിലെ തെരുവുകളില്‍ പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും തെരുവില്‍ ആഘോഷം തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ധന്‍മോണ്ടിയിലെ ഓഫീസിന് പ്രക്ഷോഭകര്‍ തീയിട്ടിരുന്നു. ധാക്കയിലെ ബംഗബന്ധു മെമ്മോറിയല്‍ മ്യൂസിയത്തിന് പ്രതിഷേധക്കാര്‍ തീയിട്ടു. ബംഗ്ലാദേശ് കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് സുരക്ഷ കര്‍ശനമാക്കിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബിഎസ്എഫ് ഡി ജി ദല്‍ജിത് സിംഗ് ചൗധരി കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഷെയ്ഖ് ഹസീനയ്ക്ക് സുരക്ഷിത യാത്രയ്ക്ക് അവസരമൊരുക്കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളും, ചരക്ക് സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യയിലെ ഗാസിയാബാദില്‍ അഭയം പ്രാപിച്ച ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്നാണ് വിവരം. 15 വര്‍ഷത്തെ ഭരണത്തെ പരിമിതപ്പെടുത്തിക്കൊണ്ടാണ് ബംഗ്ലാദേശില്‍ നിന്ന് ഷെയ്ഖ് ഹസീനയുടെ വിടവാങ്ങല്‍.

Top