എജ്യുടെക്ക് സ്ഥാപനമായ ബൈജൂസിനെതിരെ പാപ്പരത്ത പരിഹാര നടപടികൾ ആരംഭിക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ട് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ ഫയൽ ചെയ്ത അപ്പീൽ ചെന്നൈയിലെ ദേശീയ കമ്പനിയായ നിയമ അപലേറ്റ് ട്രിബ്യൂണൽ (എൻ.സി.എൽ.എ.ടി) അംഗീകരിച്ചു. ഇതോടെ പാപ്പരത്ത നടപടികൾ നിർത്തിവെച്ചു.
അതേസമയം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബി.സി.സി.ഐ) ബൈജൂസുമായുള്ള ഒത്തുതീർപ്പ് അംഗീകരിച്ചുകൊണ്ടാണ് നടപടി നിർത്തിവെച്ചത്. ഒത്തുതീർപ്പ് വ്യവസ്ഥ അനുസരിച്ച് ബി.സി.സി.ഐക്ക് ബൈജുവിന്റെ സഹോദരൻ റിജു രവീന്ദ്രൻ 158 കോടി രൂപ തിരിച്ചു കൊടുക്കും. ക്രിക്കറ്റ് ജെഴ്‌സി സ്‌പോർസർഷിപ് ഇടപാടുമായി ബന്ധപ്പെട്ടതാണ് ഈ തുക.
കഴിഞ്ഞ മാസം ബൈജൂസിനെതിരെ ട്രിബ്യൂണലിന്റെ ബംഗളുരു ബെഞ്ച് ബി.സി.സി.ഐയുടെ അപേക്ഷ കണക്കിലെടുത്താണ് പാപ്പരത്ത നടപടി തുടങ്ങിയത്. കോർപറേറ്റ് വായ്പക്കാരിൽ നിന്നോ ബൈജുവിന്റെ ആൽഫയിൽ നിന്നോ അല്ല, മറിച്ച് റിജു രവീന്ദ്രൻ സ്വന്തനിലക്കാണ് ഈ പണം നൽകുന്നതെന്ന ഉറപ്പ് ട്രിബ്യൂണൽ നിലവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പണത്തിന്റെ ഉറവിടം തർക്കത്തിൽ നിൽക്കുന്ന കാര്യമല്ലെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി.