തിരുവനന്തപുരം: ബാര്‍കോഴക്കായി പണപ്പിരിവെന്ന വെളിപ്പെടുത്തല്‍ അനിമോന്‍ നിഷേധിച്ചതായി ക്രൈംബ്രാഞ്ച്. കെട്ടിടനിര്‍മാണ ഫണ്ടിനായി അസോസിയേഷന്‍ പ്രസിഡന്റ് സമ്മര്‍ദം ചെലുത്തിയതെന്നാണ് മൊഴി. എന്തുകൊണ്ടാണ് ശബ്ദരേഖയില്‍ സര്‍ക്കാരിന് നല്‍കാനുള്ള കോഴയെന്ന് പറഞ്ഞത് എന്ന ചോദ്യത്തിന് ഓര്‍മയില്ലെന്ന വിചിത്ര മറുപടിയാണ് ബാര്‍ ഉടമകളുടെ സംഘടന നേതാവിന്റേത്.
അതേസമയം, തൊടുപുഴയിലെത്തിയ അന്വേഷണ സംഘം അനിമോനെ രഹസ്യമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്‌തത്. കോഴ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ അനിമോൻ മുങ്ങിയിരുന്നു. പണം പിരിക്കാൻ ആവശ്യപ്പെട്ടത് നയമാറ്റത്തിനു വേണ്ടിയല്ല പുതിയ ആസ്ഥാന മന്ദിരം ഉണ്ടാക്കാൻ വേണ്ടിയാണന്ന വിശദീകരണവുമായാണ് അനി മോൻ വീണ്ടുമെത്തിയത്.
നേതൃത്വത്തോടുള്ള വിയോജിപ്പ് കാരണം ശബ്ദരേഖ ഗ്രൂപ്പിൽ ഇട്ടെന്ന അതേ വിശദീകരണമാണ് ക്രൈം ബ്രാഞ്ചിന് മൊഴിയായും അനിമോൻ നൽകിയത്. ശബ്ദരേഖയിട്ട വാട്സ് ആപ്പ് ഗ്രൂപ്പിലെ മറ്റ് ബാറുടമകളും മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറാണ് മൊഴി രേഖപ്പെടുത്തുന്നത്.