തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ സംഘടനയ്ക്ക് ഓഫിസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം രൂപ പിരിക്കാൻ നിർദ്ദേശിച്ചതെന്ന ബാറുടമകളുടെ വാദം പൊളിക്കുന്ന വിവരങ്ങൾ പുറത്ത്. കെട്ടിടം വാങ്ങാൻ മാസങ്ങൾക്കു മുൻപ് നേതൃത്വം ആവശ്യപ്പെട്ടതും അംഗങ്ങൾ നൽകിയത് ഒരു ലക്ഷം രൂപയാണെന്നതിന്റെ രേഖയും പുറത്തായി. മദ്യ നയത്തിലെ ഇളവിനു വേണ്ടി രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടത് പുറത്തായപ്പോഴാണ് കെട്ടിടം വാങ്ങാനാണ് പണം ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് അസോസിയേഷൻ നേതാക്കൾ തലയൂരിയത്.
ബാറുടമകളുടെ സംഘടനയിലെ അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ മാസങ്ങൾക്കു മുൻപു വന്ന സന്ദേശത്തിൽ കെട്ടിട നിർമാണത്തിനു നൽകേണ്ടത് ഒരു ലക്ഷം രൂപയാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എക്സിക്യൂട്ടിവ് അംഗങ്ങളിൽ നിന്ന് വായ്പയായാണ് തുക ആവശ്യപ്പെട്ടതെന്നാണ് ബാർ അസോസിയേഷന്റെ പ്രസിഡന്റ് പറയുന്നത്.
എന്നാൽ അനിമോന്റെ ശബ്ദസന്ദേശത്തിൽ പണം ആവശ്യപ്പെട്ടത് ഇടുക്കി ജില്ലയിലെ എല്ലാം അംഗങ്ങളോടുമാണ്. കെട്ടിടത്തിനായി നേരത്തെ ഒരു ലക്ഷം നൽകിയവരോടു തന്നെയാണ് രണ്ടര ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതെന്നാണ് വിവരം. 23ന് ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ പല അംഗങ്ങളും ഇതുമായി ബന്ധപ്പെട്ട് നേതൃത്വത്തെ ചോദ്യം ചെയ്തിരുന്നു.