മദ്യനയം മാറ്റാൻ ബാറുടമകൾ ആർക്കും കോഴ നൽകിയിട്ടില്ല; ക്രൈംബ്രാഞ്ച് റിപ്പോർട്ട്

മദ്യനയം മാറ്റാൻ ബാറുടമകൾ ആർക്കും കോഴ നൽകിയിട്ടില്ല; ക്രൈംബ്രാഞ്ച് റിപ്പോർട്ട്
മദ്യനയം മാറ്റാൻ ബാറുടമകൾ ആർക്കും കോഴ നൽകിയിട്ടില്ല; ക്രൈംബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: മദ്യനയം മാറ്റാൻ ബാറുടമകള്‍ ആർക്കും കോഴ നൽകിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. പണം പിരിച്ചത് തലസ്ഥാനത്ത് അസോസിയേഷന്‍റെ പുതിയ കെട്ടിടം വാങ്ങാനാണെന്ന ബാറുടമകളുടെ വിശദീകരണം ശരിവെച്ചാണ് ക്രൈം ബ്രാഞ്ചിൻറെ റിപ്പോർട്ട്. മദ്യനയം മാറ്റാൻ കോഴ പിരിക്കണമെന്ന ബാറുടമ അനിമോൻെറ ശബ്ദരേഖ തെറ്റിദ്ധാരണമൂലമെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

അനിമോന്‍റെ ഓഡിയോ വലിയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കിയെങ്കിലും രണ്ടാം ബാർക്കോഴ വിവാദത്തിൽ കോഴയില്ലെന്ന കണ്ടെത്തി അന്വേഷണ റിപ്പോർട്ട് നൽകാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സർക്കാറിനും ബാറുടമകൾക്കും ആശ്വാസകരമായ കണ്ടെത്തലാണ്  അന്വേഷണസംഘത്തിന്‍റേത്.

കൊച്ചിയിൽ നടന്ന ബാറുടമകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെയാണ് ഇടുക്കി ജില്ലാ പ്രസി‍ഡൻറ് അനി മോൻ നയം മാറ്റാനായി പണം പിരിക്കണമെന്നാവശ്യപ്പെട്ട് ബാറുമടകളുടെ ഗ്രൂപ്പിൽ ശബ്ദരേഖയിട്ടത്. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ബാർ കോഴയിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പരാതി നൽകിയത്.

തലസ്ഥാനത്ത് പുതിയ ആസ്ഥാന മന്ദിരം വാങ്ങാനാണ് പണ പിരിവ് എന്നായിരുന്നു അസോസിയേഷൻ നേതൃത്വത്തിൻെറ വിശദീകരണം. പിന്നാലെ അനിമോനും മലക്കം മറിഞ്ഞു. ഇതേ കണ്ടെത്തലാണ് ക്രൈം ബ്രാഞ്ചും നടത്തിയിരിക്കുന്നത്. ശബ്ദ സന്ദേശമയച്ച അനി മോൻ ശബ്ദം തൻെറതല്ലെന്ന് നിഷേധിച്ചില്ല.

Top