പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ദിനം സംഭവബഹുലം. ആഴ്സണൽ, ബാഴ്സലോണ, അത്‍ലറ്റികോ മാഡ്രിഡ്, ബയേർ ലെവർകുസൻ തുടങ്ങിയ വമ്പൻമാരെല്ലാം ആദ്യദിനത്തിൽ കളത്തിലിറങ്ങി. അറ്റ്ലാന്റയുമായി ആഴ്സണൽ സമനില വഴങ്ങി. ഇരുടീമുകളും ഗോളൊന്നും അടിക്കാതെ സമനിലയിൽ പിരിയുകയായിരുന്നു.
ലാലിഗയിൽ മിന്നും ഫോമിൽ തുടരുന്ന ബാഴ്സക്ക് ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ അടിമുടി പിഴച്ചു. 11ാം മിനുറ്റിൽ മൊണാക്കോയുടെ ഗോളവസരം തടയുന്നതിനിടെ എറിക് ഗാർഷ്യ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത് ബാഴ്സക്ക് വിനയായി. പത്തുപേരായി ചുരുങ്ങിയ ബാഴ്സയുടെ ദൗർബല്യം മൊണാക്കോ മുതലെടുത്തു. മാഗ്നസ് അക്ലൗച്ചോ 16ാം മിനുറ്റിൽ മൊണാക്കോയെ മുന്നിലെത്തിച്ചു. 28ാം മിനുറ്റിൽ ലാമിൻ യമാലിലൂടെ ബാഴ്സ തിരിച്ചടിച്ചു. ബാഴ്സ ഗോൾമുഖം ലക്ഷ്യമാക്കി നിരന്തരം കുതിച്ചുകയറിയ മൊണാക്കോയുടെ ശ്രമങ്ങൾ 71ാം മിനുറ്റിൽ ഫലം കണ്ടു. ജോർജ് ഇലേനികേന മൊണാക്കോക്ക് വിജയമുറപ്പിച്ച ഗോൾ നൽകി.
ഇംഗ്ലീഷ് കരുത്തരായ ആർസനൽ യൂറോപ്പ ലീഗ് ചാമ്പ്യൻമാരായ അറ്റലാന്റക്കെതിരെ രക്ഷപ്പെടുകയായിരുന്നു. മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ ബുകായോ സാക്കയുടെയും തോമസ് പാർട്ടിയും തുടരെയുള്ള ഷോട്ടുകൾ തടുത്തിട്ട് അറ്റലാന്റ് ഗോൾകീപ്പർ മാർകോ കാർനെസേച്ചി കരുത്തുകാട്ടി. 51ാം മിനുറ്റിൽ മറ്റേ റെറ്റെഗിയുടെ പെനൽറ്റിയും റീബൗണ്ടും തടുത്തിട്ട ഡേവിഡ് റയയാണ് ഗണ്ണേഴ്സിനെ അർഹിച്ച തോൽവിയിൽ നിന്നും രക്ഷപ്പെടുത്തിയത്. പരിക്കേറ്റ മിഡ്ഫീൽഡർ മാർട്ടിൻ ഒഡേഗാർഡിന്റെ അസാന്നിധ്യം മത്സരത്തിനുടനീളം കാണാമായിരുന്നു.
മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ ബെഞ്ചമിൻ സെസ്കോയിലൂടെ ലെപ്സിഗ് അത്ലറ്റിക്കോ മാഡ്രിഡിനെ ഞെട്ടിച്ചാണ് തുടങ്ങിയത്. എന്നാൽ 28ാം മിനുറ്റിൽ സൂപ്പർ താരം അന്റോയ്ൻ ഗ്രീസ്മാനിലൂടെ അത്ലറ്റിക്കോ തിരിച്ചടിച്ചു.മത്സരം അവസാനിക്കാനിരിക്കേ ഗ്രിസ്മാന്റെ അസിസ്റ്റിൽ ജോസ് മാരിയ ഗിമൻസ് അത്‍ലറ്റിക്കോക്ക് ജയം നൽകി.