CMDRF

ദുലീപ് ട്രോഫിയിൽ ഇന്ത്യ എയ്ക്ക് ബാറ്റിംഗ് തകർച്ച

ഇന്ത്യ എ മൂന്നാം ദിവസത്തെ ആദ്യ സെഷൻ പിന്നിടുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെന്ന നിലയിലാണ്

ദുലീപ് ട്രോഫിയിൽ ഇന്ത്യ എയ്ക്ക് ബാറ്റിംഗ് തകർച്ച
ദുലീപ് ട്രോഫിയിൽ ഇന്ത്യ എയ്ക്ക് ബാറ്റിംഗ് തകർച്ച

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ബാറ്റിം​ഗ് തകർച്ച നേരിട്ട് ഇന്ത്യ എ. ഇന്ത്യ ബി ഉയർത്തിയ 321 റൺസ് ഒന്നാം ഇന്നിം​ഗ്സ് സ്കോറിന് മറുപടി പറയുന്ന ഇന്ത്യ എ മൂന്നാം ദിവസത്തെ ആദ്യ സെഷൻ പിന്നിടുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെന്ന നിലയിലാണ്. ഇന്ത്യ ബിയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറിനൊപ്പമെത്താൻ ഇന്ത്യ എയ്ക്ക് ഇനി 113 റൺസ് കൂടി വേണം. 37 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യ എയുടെ നിലവിലെ ടോപ് സ്കോറർ. വാഷിം​ഗ്ടൺ സുന്ദറിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ പന്ത് സ്റ്റമ്പിൽ കൊണ്ടാണ് രാഹുൽ പുറത്തായത്.

ഇന്ത്യ എയ്ക്കായി 36 റൺസെടുത്ത മായങ്ക് അ​ഗർവാൾ, 25 റൺസെടുത്ത ശുഭ്മൻ ​ഗിൽ, 30 റൺസെടുത്ത റിയാൻ പരാ​ഗ്, 20 റൺ‌സെടുത്ത ശിവം ദുബെ എന്നിങ്ങനെയാണ് മറ്റ് സംഭാവനകൾ. ആർക്കും വലിയ ഇന്നിം​ഗ്സിലേക്ക് നീങ്ങാൻ കഴിയാതിരുന്നത് ഇന്ത്യ എയ്ക്ക് തിരിച്ചടിയായി. നിലവിൽ 16 റൺസെടുത്ത തനൂഷ് കോട്യാനും അഞ്ച് റൺസെടുത്ത ആകാശ് ദീപുമാണ് ക്രീസിലുള്ളത്.

ഇന്ത്യ ബിക്കായി നവ്ദീപ് സൈനി മൂന്ന് വിക്കറ്റുകളെടുത്തു. മുകേഷ് കുമാർ രണ്ടും യാഷ് ദയാൽ, വാഷിം​ഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. വേ​ഗത്തിൽ മൂന്ന് വിക്കറ്റുകൾ കൂടി നേടി പരമവാധി ലീഡ് ഒന്നാം ഇന്നിം​ഗ്സിൽ തന്നെ സ്വന്തമാക്കുകയാണ് ഇന്ത്യ ബിയ്ക്ക് മുമ്പിലുള്ള ലക്ഷ്യം.

Top