ബംഗളൂരു: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ഉണ്ടായത് ബാറ്റിങ് തകർച്ച. ഈർപ്പം നിറഞ്ഞ പിച്ചിൽ അമിത ആത്മവിശ്വാസത്തോടെ ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സ്കോർ ബോർഡിൽ പത്ത് റൺസ് ചേർക്കുന്നതിനിടെ നഷ്ടമായത് മൂന്ന് മുൻനിര വിക്കറ്റുകൾ. നായകൻ രോഹിത് ശർമ രണ്ട് റൺസ് നേടി പുറത്തായപ്പോൾ സൂപ്പർ താരം വിരാട് കോഹ്‌ലിയും സർഫറാസ് ഖാനും കെ.എൽ. രാഹുലും രവീന്ദ്ര ജദേജയും സംപൂജ്യരായാണ് കൂടാരം കയറിയത്. 15 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ക്രീസിൽ. ലഞ്ചിന് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
ഏഴാം ഓവറിൽ ടിം സൗത്തി എറിഞ്ഞ മൂന്നാം പന്തിൽ ക്ലീൻ ബൗൾഡായാണ് രോഹിത് ശർമ മടങ്ങിയത്. 16 പന്തുകൾ നേരിട്ട താരത്തിന്‍റെ സമ്പാദ്യം കേവലം രണ്ട് റൺസാണ്. ഒമ്പത് പന്തുകൾ പിന്നാലെയെത്തിയ വിരാട് കോഹ്‌ലി നേരിട്ടെങ്കിലും റണ്ണൊന്നും കണ്ടെത്താനായില്ല. ഗ്ലെൻ ഫിലിപ്സിന് ക്യാച്ച് നൽകി താരം മടങ്ങിയതോടെ സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് എന്ന നിലയിലായി. വിൽ ഒറൂകിനാണ് വിക്കറ്റ്. പിന്നാലെ സർഫറാസ് ഖാനും വീണതോടെ സ്കോർ മൂന്നിന് പത്ത് റൺസ് എന്ന നിലയിലായി.
Also Read: രാജ്യാന്തര ഫുട്ബോളിലെ ഹാട്രിക് നേട്ടത്തിൽ റൊണാള്‍ഡോയ്‌ക്കൊപ്പം മെസ്സി
അടിപതറിയോ…
ഇന്ത്യക്ക് തിരിച്ചടിയായത് ക്ഷമയോടെ പിടിച്ചുനിന്ന യശ്വസ്വി ജയ്സ്വാൾ 21-ാം ഓവറിൽ പുറത്തായത് ആണ്. 63 പന്തിൽ 13 റൺസാണ് താരം നേടിയത്. കിവീസിനായി വിൽ ഒറൂക് മൂന്ന് വിക്കറ്റ് നേടിയപ്പോൾ മാറ്റ് ഹെന്റി രണ്ടും ടിം സൗത്തി ഒരു വിക്കറ്റും പിഴുതു. എന്നാൽ കളിക്കളത്തിൽ റണ്ണൊന്നും കണ്ടെത്താനാകാതെ രാഹുലും ജഡേജയും മടങ്ങിയതോടെ ഉച്ചഭക്ഷണത്തിന് പിരിയുകയായിരുന്നു.
Also Read: അല്‍ നസറില്‍ നിന്നും സൂപ്പര്‍ താരത്തെ ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡ്
നേരത്തെയുള്ള കളിയിൽ ബംഗ്ലാദേശിനെതിരെ കാഴ്ചവച്ച മികച്ച പ്രകടനം തുടരാനാണ് ടീം ഇന്ത്യയുടെ പ്ലാനെന്ന് വ്യക്തമാക്കിയാണ് രോഹിത് ബാറ്റിങ് തെരഞ്ഞെടുത്ത്. ഈർപ്പമുള്ള പിച്ചിൽ തുടക്കത്തിൽ ബാറ്റിങ് ദുഷ്കരമാണെങ്കിലും പിച്ച് ഉണങ്ങുന്ന മുറയ്ക്ക് ബാറ്റിങ്ങിന് അനുകൂലമാകുമെന്നായിരുന്നു പ്രതീക്ഷ. ആദ്യ സെഷനിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. എന്നാൽ കിവീസ് ബൗളർമാരുടെ തീപാറുന്ന പ്രകടനത്തിനു മുമ്പിൽ ആതിഥേയർക്ക് അടിതെറ്റുകയായിരുന്നു.