CMDRF

സച്ചിന്‍റെ റെക്കോര്‍ഡ് തകർക്കാന്‍ ജോ റൂട്ടിനെ ബിസിസിഐ അനുവദിക്കുമെന്ന് തോന്നുന്നില്ല; മൈക്കല്‍ വോൺ

ക്രിക്കറ്റില്‍ മൂന്ന് വര്‍ഷമെങ്കിലും റൂട്ട് തുടര്‍ന്നാല്‍ സച്ചിന്‍റെ സെഞ്ചുറികളുടെ റെക്കോര്‍ഡ് മറികടന്നില്ലെങ്കിലും റണ്‍വേട്ടയുടെ റെക്കോര്‍ഡ് റൂട്ട് മറികടക്കുമെന്നാണ് കരുതുന്നത്

സച്ചിന്‍റെ റെക്കോര്‍ഡ് തകർക്കാന്‍ ജോ റൂട്ടിനെ ബിസിസിഐ അനുവദിക്കുമെന്ന് തോന്നുന്നില്ല; മൈക്കല്‍ വോൺ
സച്ചിന്‍റെ റെക്കോര്‍ഡ് തകർക്കാന്‍ ജോ റൂട്ടിനെ ബിസിസിഐ അനുവദിക്കുമെന്ന് തോന്നുന്നില്ല; മൈക്കല്‍ വോൺ

ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് ഇംഗ്ലണ്ട് താരം ജോ റൂട്ട് തകര്‍ക്കുമോ എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 15921 റണ്‍സെടുത്തിട്ടുള്ള സച്ചിനാണ് നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍. ജോ റൂട്ടിന്‍റെ പേരില്‍ 12377 റണ്‍സാണുള്ളത്.സച്ചിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ വേണ്ടത് 3544 റണ്‍സ്.

സച്ചിന്‍റെ പേരില്‍ 51 ടെസ്റ്റ് സെഞ്ചുറികളുള്ളപ്പോള്‍ 33കാരനായ റൂട്ടിന്‍റെ പേരില്‍ 34 ടെസ്റ്റ് സെഞ്ചുറികളുണ്ട്. സജീവ ക്രിക്കറ്റില്‍ മൂന്ന് വര്‍ഷമെങ്കിലും റൂട്ട് തുടര്‍ന്നാല്‍ സച്ചിന്‍റെ സെഞ്ചുറികളുടെ റെക്കോര്‍ഡ് മറികടന്നില്ലെങ്കിലും റണ്‍വേട്ടയുടെ റെക്കോര്‍ഡ് റൂട്ട് മറികടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 48 ടെസ്റ്റുകളില്‍ നിന്ന് റൂട്ട് നേടിയത് 56.92 ശരാശരിയില്‍ 17 സെഞ്ചുറികളും 4554 റണ്‍സുമാണെന്നത് സച്ചിന്‍റെ സെഞ്ചുറികളെപ്പോലും ഭീഷണിയിലാക്കുമുണ്ട്.

Also Read: ബിസിസിഐ വിലക്കിനോട് നോ പ്രോബ്ലം! വീണ്ടും ‘ഫ്ലയിംഗ് കിസ്’ യാത്രയയച്ച് ഹര്‍ഷിത് റാണ

എന്നാല്‍ റൂട്ട് സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുന്നത് കാണാന്‍ ബിസിസി അനുവദിക്കുമെന്ന് തോന്നുന്നില്ലെന്നും അവരത് ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിവാദങ്ങളുടെ തോഴനായ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. സ്വകാര്യ പോഡ്കാസ്റ്റിലാണ് ആദം ഗില്‍ക്രിസ്റ്റുമായി സംസാരിക്കവെ വോണ്‍ ഇക്കാര്യം പറഞ്ഞത്. ജോ റൂട്ട് സച്ചിനെ മറികടന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അതിലും മികച്ചൊരു കാര്യം നടക്കാനില്ല. സച്ചിന് 3500 റണ്‍സ് മാത്രം പുറകിലാണ് റൂട്ട് ഇപ്പോള്‍. പുറംവേദനയൊന്നും അലട്ടിയില്ലെങ്കില്‍ മൂന്ന് കൊല്ലത്തില്‍ കൂടുതല്‍ റൂട്ടിന് കളിക്കാനാവും. ക്യാപ്റ്റനല്ലാത്തതിനാല്‍ തന്‍റെ ബാറ്റിംഗില്‍ മാത്രം ശ്രദ്ധിക്കാനും ഇപ്പോള്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്.

അതുകൊണ്ട് തന്നെ സച്ചിന്‍റെ റെക്കോര്‍ഡ് റൂട്ട് തകര്‍ക്കാതിരുന്നാല്‍ മാത്രമെ ഞാനത്ഭുതപ്പെടൂ. എന്നാല്‍ ബിസിസിഐ ഒരിക്കലും സച്ചിന്‍റെ റെക്കോര്‍ഡ് ഒരു ഇംഗ്ലണ്ട് താരം തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നില്ല. കാരണം, റണ്‍വേട്ടയുടെ തലപ്പത്ത് ഒരു ഇന്ത്യക്കാരന്‍ തന്നെ ഇരിക്കണമെന്നാണ് അവരുടെ ആഗ്രഹമെന്നും വോണ്‍ പറഞ്ഞു. എന്നാല്‍ റൂട്ടിന് എത്രമാത്രം റണ്‍ ദാഹമുണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അടുത്ത ആഷസിനുശേഷമെ തനിക്കിതിനെക്കുറിച്ച് പറയാനാവൂ എന്നുമായിരുന്നു ഗില്‍ക്രിസ്റ്റിന്‍റെ മറുപടി.

Top