CMDRF

സിംബാബ്‌വെക്കെതിരേ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ചു ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തി ബിസിസിഐ

സിംബാബ്‌വെക്കെതിരേ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ചു ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തി ബിസിസിഐ
സിംബാബ്‌വെക്കെതിരേ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ചു ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തി ബിസിസിഐ

ന്യൂഡല്‍ഹി: ജൂലൈ ആറിന് ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കില്ല. യശ്വസി ജയ്‌സ്‌വാള്‍, ശിവം ദുബെ എന്നിവരെയും ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സായി സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ തുടങ്ങിയവരാണ് ഇവരുടെ പകരക്കാരെന്ന് ബിസിസിഐ അറിയിച്ചു.

ട്വന്റി 20 ലോകകപ്പിന് പോയ ഇന്ത്യന്‍ സംഘം ബാര്‍ബഡോസില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് സഞ്ജുവിനും യശ്വസിക്കും ദുബെക്കും പകരക്കാരെ കണ്ടെത്താന്‍ ബിസിസിഐ നിര്‍ബന്ധിതമായത്. ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബുധനാഴ്ച വൈകുന്നരം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.30ന് ബാര്‍ബഡോസില്‍ നിന്ന് പുറപ്പെടുന്ന സംഘം വൈകുന്നേരം 7.45 ഓടെ ഡല്‍ഹിയില്‍ ഇറങ്ങും.

ബെറില്‍ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ടീം രണ്ടുദിവസമായി അവിടെ തങ്ങുകയാണ്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉള്‍പ്പെടെ എഴുപതോളം പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.

ബെറില്‍ ചുഴലിക്കാറ്റിന്റെ ആഘാതം ബാര്‍ബഡോസില്‍ അത്ര രൂക്ഷമല്ലാത്തതിനാല്‍ സുരക്ഷ മുന്‍കരുതലെടുത്ത് അടുത്ത 12 മണിക്കൂറിനകം വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കാനാകുമെന്ന് ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ടിലി അറിയിച്ചു. അഞ്ച് മത്സരങ്ങളാണ് സിംബാബ്‌വെക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഉള്ളത്.

Top