CMDRF

ഇതിഹാസ താരങ്ങൾക്കായി ലീഗ് തുടങ്ങാൻ ബിസിസിഐ

ഇതിഹാസ താരങ്ങൾക്കായി ലീഗ് തുടങ്ങാൻ ബിസിസിഐ
ഇതിഹാസ താരങ്ങൾക്കായി ലീഗ് തുടങ്ങാൻ ബിസിസിഐ

പിഎല്ലിന് പിന്നാലെ വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കായി പുതിയ ലീഗ് ആരംഭിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിച്ച ഐപിഎൽ മാതൃകയിൽ വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കും സമാനമായ ലീഗ് വേണമെന്ന നിർദേശവുമായി സീനിയർ താരങ്ങൾ ബിസിസിഐയെ സമീപിച്ചെന്നാണ് വിവരം. നിർദേശം ബിസിസിഐ പരിഗണനയിലെടുത്തെന്നും ഉടനെ തന്നെ ലെജൻഡ്‌സ് പ്രീമിയർ ലീഗ് ആരംഭിക്കാനുള്ള നടപടികൾ ജയ് ഷാ അവതരിപ്പിക്കുമെന്നും ദൈനിക് ജാഗ്രൻ റിപ്പോർട്ട് ചെയ്യുന്നു.

കാര്യങ്ങൾ അനുകൂലമാണെങ്കിൽ പുതിയ ലീഗ് കായിക പ്രേമികളിൽ ആവേശമുണർത്തുമെന്ന് ഉറപ്പാണ്. ഇപ്പോൾ മത്സരരംഗത്ത് ഇല്ലാത്ത സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിങ്, വിരേന്ദർ സെവാഗ്, ക്രിസ് ഗെയ്ൽ, എബി ഡി വില്ലിയേഴ്‌സ് തുടങ്ങി ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെല്ലാം വീണ്ടും കളിക്കളത്തിൽ ഇറങ്ങുന്നത് കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

നിലവിൽ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ്, ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ്, ഗ്ലോബൽ ലെജൻഡ്‌സ് ലീഗ്, റോഡ് സേഫ്റ്റി വേൾഡ് സീരിസ് തുടങ്ങി വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കായി പല ടൂർണമെന്റുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്. പല ലീഗുകളിലും ഇന്ത്യൻ താരങ്ങളുൾപ്പടെ പങ്കെടുക്കുന്നുമുണ്ട്. എന്നാൽ ഈ ലീഗുകളെല്ലാം സ്വകാര്യ സ്ഥാപനങ്ങളോ കമ്പനികളോ നടത്തുന്നവയാണ്. ബിസിസിഐ നേരിട്ട് ഇത്തരമൊരു ടൂർണമെന്റ് തുടങ്ങിയാൽ ഐപിഎല്ലിനുള്ളതുപോലെ പ്രശസ്തിയും ആരാധകപിന്തുണയും ഈ ലീഗിനും ഉണ്ടായിരിക്കും.

Top