കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ആടുജീവിതം സ്വന്തമാക്കിയത് ഒമ്പത് പുരസ്കാരങ്ങളാണ്. ഈ അവാർഡിനെ മാനിക്കുന്നുവെന്നും സന്തോഷമുണ്ടെന്നും സംവിധായകൻ ബ്ലെസി പറഞ്ഞു. ചിത്രത്തിൽ ഹക്കീമായി വേഷമിട്ട കെ ആർ ഗോകുൽ പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കിയത് കൂടുതൽ സന്തോഷം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ ഔട്ട് സ്റ്റാൻഡിങ് ആയി പെർഫോം ചെയ്ത ഗോകുലിനെ അവാർഡിനായി പരിഗണിച്ചതാണ് ഏറ്റവും മനോഹരമായി തോന്നിയതെന്ന് ബ്ലെസി പറഞ്ഞു. ഗോകുൽ കൊടുത്ത ഡെഡിക്കേഷൻ മികച്ചതായിരുന്നു. പഠനം പൂർത്തിയാക്കാനാകാതെ ആ കുട്ടിയുടെ ജീവിതത്തിൻറെ ഒഴുക്ക് തന്നെ മാറിപ്പോയ അവസ്ഥയായിരുന്നുവെന്നും ബ്ലെസി കൂട്ടിച്ചേർത്തു.
ബ്ലെസിയുടെ വാക്കുകൾ
ഗോകുലിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചുവെന്നത് സന്തോഷം നൽകുന്നു. വളരെ ഔട്ട് സ്റ്റാൻഡിങ് ആയി പെർഫോം ചെയ്ത ഗോകുലിനെ അവാർഡിനായി പരിഗണിച്ചതാണ് ഏറ്റവും മനോഹരമായി തോന്നിയത്. ഗോകുൽ കൊടുത്ത ഡെഡിക്കേഷൻ ഉണ്ട്. അഭിനയത്തോടൊപ്പം അയാൾ കൊടുത്ത ഡെഡിക്കേഷനായിരുന്നു മികച്ചത്. ആ കുട്ടിയുടെ ജീവിതത്തിൻറെ ഒഴുക്ക് തന്നെ മാറിപ്പോയ അവസ്ഥയായിരുന്നു. ഞാൻ പരിചയപ്പെടുമ്പോൾ പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേരാൻ നിൽക്കുകയായിരുന്നു. ആ കുട്ടിക്ക് ഡിഗ്രിയില്ല. തന്മാത്രയിലെ അർജുനും ഇങ്ങനെയായിരുന്നു. പ്രേക്ഷകരോട് കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്നതാവണം സിനിമ. സിനിമയെ പ്രേക്ഷകർ അംഗീകരിച്ചു. ഈ അവാർഡിനെ മാനിക്കുന്നു.
ആടുജീവിതത്തിന് വേണ്ടി കഠിനപ്രയത്നമാണ് നടത്തിയതെന്ന് പല അഭിമുഖങ്ങളിലും കെ ആർ ഗോകുൽ വ്യക്തമാക്കിയിരുന്നു. ആദ്യ ഷെഡ്യൂളിൽ 64 കിലോ ആയിരുന്നെങ്കിൽ അവസാന ഷെഡ്യൂളിലെത്തിയപ്പോൾ അത് 44 കിലോ ആയി കുറച്ചുവെന്നും ചില ദിവസങ്ങളിൽ വാട്ടർ ഡയറ്റ് മാത്രമെടുത്തിരുന്നുവെന്നും ഗോകുൽ പറഞ്ഞിരുന്നു.
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ബ്ലെസി ചിത്രം ‘ആടുജീവിതം’ നേട്ടങ്ങൾ കൊയ്തെടുക്കുകയായിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി. ബ്ലെസിയാണ് മികച്ച സംവിധായകൻ. ജനപ്രിയ ചിത്രമായും ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. റസൂൽ പൂക്കുട്ടി, ശരത് മോഹൻ എന്നിവർ ശബ്ദമിശ്രണത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി. മരുഭൂമിയിലെ നജീബിൻ്റെ നരഗജീവിതം പകർത്തിയ സുനിൽ കെ എസ് ആണ് മികച്ച ഛായാഗ്രാഹകൻ. മികച്ച തിരക്കഥയ്ക്കുളള പുരസ്കാരവും (അവലംബിത തിരക്കഥ) ആടുജീവിതത്തിലൂടെ ബ്ലെസി സ്വന്തമാക്കി. മേക്കപ്പിന് രഞ്ജിത് അമ്പാടിക്കും പുരസ്കാരമുണ്ട്.