CMDRF

കരസേനയുടെ മുപ്പതാമത്തെ മേധാവിയായി ചുമതലയേറ്റ്; ജനറൽ ഉപേന്ദ്ര ദ്വിവേദി

കരസേനയുടെ മുപ്പതാമത്തെ മേധാവിയായി ചുമതലയേറ്റ്; ജനറൽ ഉപേന്ദ്ര ദ്വിവേദി
കരസേനയുടെ മുപ്പതാമത്തെ മേധാവിയായി ചുമതലയേറ്റ്; ജനറൽ ഉപേന്ദ്ര ദ്വിവേദി

ദില്ലി: കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു. ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചുമതലയേറ്റെടുത്ത്. കരസേനയുടെ മുപ്പതാമത്തെ മേധാവിയാണ്. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂർത്തിയായതോടെയാണ് ചുമതല കൈമാറിയത്.

സേനയുടെ നവീകരണത്തിനായി പുതിയ ആധുനിക സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി. വടക്കൻ ആർമി കമാൻഡറായി ദീർഘകാലം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1964 ജൂലൈ 1 നാണ് ജനനം. ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15 ന് ആണ് ഇന്ത്യൻ ആർമിയുടെ ജമ്മു & കശ്‌മീർ റൈഫിൾസിൽ കമ്മീഷൻ ചെയ്യപ്പെടുന്നത്.

ഇന്ത്യൻ സൈനിക ചരിത്രത്തിലാദ്യമായി രണ്ട് സഹപാഠികൾ ഇന്ത്യൻ കരസേനയുടെയും നാവിക സേനയുടെയും മേധാവികളായിരിക്കുകയാണ്. ആർമി ചീഫ് ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും നേവി ചീഫ് അഡ്മിറൽ ദിനേശ് ത്രിപാഠിയും 1970കളിൽ മധ്യപ്രദേശിലെ രേവയിലുള്ള സൈനിക് സ്‌കൂളിൽ അഞ്ചാം ക്ലാസിൽ ഒരുമിച്ച് പഠിച്ചവരാണ്.

അതേസമയം വിരമിച്ച കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയ്ക്കുള്ള യാത്രയപ്പ് സേന നൽകി. പ്രതിരോധ മന്ത്രാലയത്തിലായിരുന്നു വിരമിക്കൽ ചടങ്ങ്. 2022 ഏപ്രിൽ 30ന് ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി ചുമതല ഏറ്റെടുത്ത മനോജ് പാണ്ഡെ, കഴിഞ്ഞ മാസം 31നു വിരമിക്കാനിരിക്കെ കേന്ദ്ര സർക്കാർ ഒരു മാസം കൂടി കാലാവധി നീട്ടി നൽകുകയായിരുന്നു.

Top