മലയാള സിനിമയിലെ പ്രമുഖയായ നടി കരിയർ കെട്ടിപ്പടുത്തത് സിനിമയിൽ വിട്ടുവീഴ്ച ചെയ്തതിനാലാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. ഇത്തരത്തിൽ അഡ്ജെസ്റ്റ്മെന്റ് ചെയ്യുന്നതിൽ തെറ്റില്ലെന്ന് കരുതുന്നവരാണ് ചില വനിതാ ജീവനക്കാരുടെ അമ്മമാരുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സിനിമാ മേഖലയിലെ സ്ത്രീ ജീവനക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
സിനിമയിലെ ചെറുപ്പക്കാർക്കിടയിൽ ലഹരി ഉപഭോഗവും മദ്യപാനവും വർധിച്ചു. മദ്യപിച്ചെത്തി നടിമാർ താമസിക്കുന്ന റൂമിന്റെ വാതിലിൽ തട്ടുന്നതും പതിവാണ്. പ്രമുഖർ പോലും നടിമാരെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. മൊഴികളുടെ വിശ്വാസ്യതയും പരിശോധിച്ച് കണ്ടെത്തിയെന്നാണ് ഹേമാ കമ്മിറ്റി സാക്ഷ്യപ്പെടുത്തുന്നത്.
സിനിമയിലെ നർത്തകർ മൊഴി നൽകിയില്ല. രണ്ട് പേർ മാത്രം എത്തി. അവർ മൊഴി നൽകിയില്ല. മറ്റുള്ളവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് പോലും പിന്മാറി. ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരാൾ മാത്രമാണ് മൊഴി നൽകിയത്. സിനിമയിലെ സംഘടനയിൽ പരാതി ഉന്നയിക്കാൻ നടിമാർക്ക് ഭയമാണ്. ഉന്നതർക്ക് വിവരം ചോർന്നുകിട്ടുമെന്നാണ് പരാതിക്കാരുടെ ആശങ്ക. പ്രത്യാഘാതങ്ങൾ ഭയന്ന് നിശബ്ദരായിരിക്കേണ്ട അവസ്ഥയാണുള്ളത്.
പൊലീസിനെ സമീപിച്ചാൽ കനത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് വനിതാ ജീവനക്കാർ ഭയപ്പെടുന്നു. പോക്സോ പോലും ചുമത്താവുന്ന കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. പൊലീസിനെയോ കോടതിയേയോ സമീപിച്ചാൽ നേരിടേണ്ടി വരുന്നത് മോശം പരിണിത ഫലങ്ങളാണെന്ന് പലരും മൊഴി നൽകി. ഇര മാത്രമല്ല, കുടുബാംഗങ്ങളും അപകടത്തിലാകുമെന്നും മൊഴികളുണ്ട്.