വയറിലെ കൊഴുപ്പാണോ വില്ലൻ ? എങ്കില്‍ ഇതാ ചില പൊടിക്കൈകള്‍

വയറിലെ കൊഴുപ്പാണോ വില്ലൻ ? എങ്കില്‍ ഇതാ ചില പൊടിക്കൈകള്‍
വയറിലെ കൊഴുപ്പാണോ വില്ലൻ ? എങ്കില്‍ ഇതാ ചില പൊടിക്കൈകള്‍

കുടവയര്‍ വയ്ക്കാന്‍ അധിക സമയം ഒന്നും വേണ്ടെങ്കിലും കുറയ്ക്കല്‍ അത്ര എളുപ്പമല്ല. അമിതമായി ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര, കൊഴുപ്പ് കൂടിയ പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യുന്നത് വയറിലെ കൊഴുപ്പ് കൂടാന്‍ സാധ്യതയുണ്ട്. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ഫാറ്റി ലിവര്‍ കുടവയര്‍ കാരണമായേക്കാം, ഇത് പിന്നീട് സിറോസിസ് എന്ന മാരകമായ കരള്‍രോഗമായി വരെ മാറാം.വയറിന്റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയൂ.

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുക എന്നതാണ്. പ്രോട്ടീന്‍ അടങ്ങിയവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും കലോറി അടങ്ങിയ ഭക്ഷണത്തിന്റെ ഉപഭോഗത്തെ കുറയ്ക്കാനും സഹായിക്കും. ഇത് വയറു കുറയ്ക്കാന്‍ സഹായിക്കും. അതുപോലെതന്നെ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവരാണ് നിങ്ങളെങ്കില്‍ ആദ്യമേ ഒഴിവാക്കേണ്ട ഒന്നാണ് പഞ്ചസാരയുടെ ഉപയോഗം. ഉയര്‍ന്ന തോതില്‍ മധുരം ശരീരത്തിലെത്തുന്നത് വയറില്‍ കൊഴുപ്പ് അടിയാന്‍ ഇടയാക്കും, മാത്രമല്ല ഇത് ശരീരത്തിന് അത്ര നല്ലതല്ല.

നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നതും വയറില്‍ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാന്‍ സഹായിക്കും. പിന്നെ ജങ്ക് ഫുഡിന്റെ കാര്യം പറയേണ്ടതില്ലല്ലോ,കഴിയുന്നതും ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രെമിക്കുക,പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതോടൊപ്പം തന്നെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില വിദ്യകളാണ് രാവിലെ വെറും വയറ്റില്‍ ചൂടുനാരങ്ങാ വെള്ളം കുടിയ്ക്കുന്നതും, അതുപോലെ ജീരക വെള്ളം, ആപ്പിള്‍ സൈഡര്‍ വിനഗര്‍, ഗ്രീന്‍ ടീ തുടങ്ങിയവയുടെ ഉപയോഗവും.

അമിതവണ്ണം കുറയ്ക്കുക എന്നതിൽ ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപെട്ടതാണ് സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക എന്നതും. കാരണം മാനസിക സമ്മര്‍ദ്ദം മൂലവും ശരീര ഭാരം കൂടാം. സ്‌ട്രെസ് കുറയ്ക്കാന്‍ യോഗ ചെയ്യുന്നതും ഗുണം ചെയ്യും.അമിത മദ്യപാനവും ഒരു വില്ലന്‍ തന്നെയാണ്, ഇത് മൂലം ശരീരഭാരം കുടുമെന്നുമാത്രമല്ല, മദ്യപാനം ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെത്തന്നെ ഇല്ലാതാക്കും. അതിനാല്‍ മദ്യപാനം ഒഴിവാക്കുക. അമിതവണ്ണം കുറയ്ക്കാനായി ഭക്ഷണ കാര്യങ്ങളില്‍ ശ്രെദ്ധിക്കുന്നതുപോലെ തന്നെ ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്നു.

Top