CMDRF

ഇത്തിരി കുഞ്ഞൻ ‘ബ്ലൂബെറി’ നീ ആളൊരു കേമൻ തന്നെ!!

ഇത്തിരി കുഞ്ഞൻ ‘ബ്ലൂബെറി’ നീ ആളൊരു കേമൻ തന്നെ!!
ഇത്തിരി കുഞ്ഞൻ ‘ബ്ലൂബെറി’ നീ ആളൊരു കേമൻ തന്നെ!!

ല നാടുകളിൽ പല പേരുകളിൽ അറിയപ്പെടുന്ന കുഞ്ഞൻ നീല പഴമാണ് ബ്ലൂബെറി. ഈ ഇത്തിരി കുഞ്ഞൻ പഴം നമ്മുടെ നാട്ടിൽ അധികം പ്രചാരത്തിലില്ലെങ്കിലും സ്വന്തം ആരോഗ്യത്തെ കുറിച്ച് കരുതലുള്ള മിക്ക ആളുകളുടെയും ഭക്ഷണത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത കേമനാണ് കക്ഷി. വാക്‌സീനിയം എന്ന വർഗ്ഗത്തിൽപ്പെട്ട ഇവയുടെ സഹോദരന്മാരായി വരുന്ന ആളുകളാണ് ക്രാൻബെറി, ബിൽബെറി എന്നിവ.

വടക്കേ അമേരിക്കയാണ് ബ്ലൂബെറികളുടെ സ്വദേശം. നൂറ്റാണ്ടുകളായി ഭക്ഷണത്തിലും ഔഷധങ്ങളിലും ഇവയെ ഉപയോഗിച്ച് വരുന്നു. 1942 മുതലുള്ള കാലഘട്ടത്തിൽ യുഎസിൽ ബ്ലൂബെറി ഉപയോഗം വ്യാപകമാണ്. ലക്ഷക്കണക്കിന് ബ്ലൂബെറി തൈകൾ യുഎസിലെമ്പാടും അക്കാലത്ത് കൃഷി ചെയ്തു. ഇന്ന് ലോകമെമ്പാടും പലയിടത്തും ബ്ലൂബെറി കൃഷി ചെയ്യുന്നുണ്ട്.

പല വിദേശ നാടുകളിലെ കാടുകളിലും ഇവ സമ്പന്നമായി വളരാറുണ്ട്. സാധാരണയായി അമിതമായ കീടാക്രമണം ഉണ്ടാകാത്ത വിളയാണ്. പക്ഷികളാണ് പഴങ്ങള്‍ ഭക്ഷണമാക്കുന്നത്. ഇന്ത്യയിലും ചില മേഖലകൾ ബ്ലൂബെറി കൃഷിക്ക് അനുയോജ്യമാണെന്നു വിലയിരുത്തപ്പെടുന്നു. ഐസ്‌ക്രീമുകളിലും മധുരപലഹാരങ്ങളിലും മിഠായികളിലുമൊക്കെ ഇന്ന് ബ്ലൂബെറികൾ ഉപയോഗിക്കുന്നുണ്ട്.

രണ്ടു തരത്തിലുള്ള ബ്ലൂബെറിയാണുള്ളത്. ലോ ബുഷ്, ഹൈ ബുഷ് എന്നിവയാണവ. പേര് സൂചിപ്പിക്കുന്നതുപോലെ ഉയരം കുറഞ്ഞതും കുറ്റിച്ചെടി രൂപത്തിലുള്ളതുമാണ് ലോ ബുഷ്. ഏകദേശം രണ്ട് അടി വരെ വ്യാപിക്കുകയും നാല് മുതല്‍ 24 ഇഞ്ച് വരെ ഉയരത്തില്‍ വളരുകയും ചെയ്യും.ഹൈ ബുഷ് മൂന്ന് മുതല്‍ അഞ്ച് അടി വരെ ഉയരത്തില്‍ വളരും.

ഇതില്‍ത്തന്നെ പ്രധാനപ്പെട്ട രണ്ടിനങ്ങളാണ് ഡ്വാര്‍ഫ് നോര്‍ത്ത് ബ്ലൂ, പാഷ്യോ ബ്ലൂബെറി എന്നിവ. വേനല്‍ക്കാലം പകുതിയാകുമ്പോള്‍ പഴങ്ങള്‍ പഴുക്കും. തണുപ്പിനെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. പൂന്തോട്ടത്തിന്റെ അതിര്‍ത്തിയില്‍ വെച്ചുപിടിപ്പിക്കാവുന്നതാണ്.വേനല്‍ക്കാലത്ത് ബ്ലൂബെറി വിപണിയില്‍ ലഭ്യമാണ്. പഴമായി കഴിക്കുന്നതുകൂടാതെ സ്‍മൂത്തി ഉണ്ടാക്കിയും കഴിക്കാം.

കടുംനീല നിറവും മധുരവുമുള്ള ഈ ഫലങ്ങൾക്ക് ഒട്ടേറെ ആരോഗ്യഗുണങ്ങളുമുണ്ട്. ശരിയായ ദഹനം നടക്കാനും വയര്‍ സംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കാനും ഇവ സഹായിക്കുന്നു. വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം. പ്രത്യേകിച്ച് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്ലൂബെറി പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നു.

ഒരു കപ്പ് ബ്ലൂബെറി ദിവസവും കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിറ്റാമിന്‍ കെ അടങ്ങിയ ബ്ലൂബെറിയും മറ്റു ബെറിപ്പഴങ്ങളും ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തന്നത് ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

ആന്‍റി ഓക്‌സിഡന്‍റുകളുടെ ഒരു പവര്‍ഹൗസാണ് ബ്ലൂബെറി. ഇവ ക്യാന്‍സര്‍, ദഹന പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍ നിന്നൊക്കെ ശരീരത്തെ സംരക്ഷിക്കും. ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ഫ്ളോവനോയ്ഡുകള്‍ക്ക് ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇവയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബ്ലൂബെറി പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങളും പറയുന്നു. ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും പാര്‍ക്കിന്‍സണ്‍സ് പോലുള്ള മസ്തിഷ്‌ക രോഗങ്ങള്‍ വരാനുള്ള സാധ്യത 40 ശതമാനം കുറയ്ക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.

കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ബ്ലൂബെറിയ്ക്ക് കഴിയുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. കൂടാതെ ബ്ലൂബെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. മാത്രമല്ല അമിതവണ്ണമുള്ളവര്‍ക്കും ഇത് കഴിക്കാം. പ്രത്യേകിച്ച്, വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ബ്ലൂബെറി ഏറെ സഹായകമാണ്. ചര്‍മ്മത്തിലെ ഫ്രീ റാഡിക്കലുകള്‍ പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളായ ചുളിവുകള്‍, പാടുകള്‍, വരണ്ട ചര്‍മ്മം എന്നിവയ്ക്ക് കാരണമാകുന്നു.

ഈ അടയാളങ്ങള്‍ കുറയ്ക്കുന്നതിനും തടയുന്നതിനും സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്ന ബ്ലൂബെറി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. മുഖക്കുരു ഒഴിവാക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു പഴമാണിത്. വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. ബ്ലൂബെറിയില്‍ മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ബയോട്ടിന്‍ അടങ്ങിയിരിക്കുന്നു. മുടിക്ക് കരുത്ത് തരാനും താരന്‍ ഒഴിവാക്കാനും ബ്ലൂബെറി സഹായിക്കുമെന്ന് ചില പഠനങ്ങളും സൂചിപ്പിക്കുന്നു.

Top