ഇന്‍ഡ്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ വനങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഇത് മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ്. അമൃതിന്റെ ഇലകളില്‍ 11.2% മാംസ്യവും നല്ലയളവില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവയും കാണുന്നതിനാല്‍ കാലിത്തീറ്റയായി ഉപയോഗിക്കുന്നുണ്ട്. സാധാരണ കാലാവസ്ഥകളില്‍ വളരുന്ന ഒരു വള്ളിച്ചെടിയാണിത്. ഇത് ഔഷധമായി ഉപയോഗിക്കപ്പെടുന്നു. ആയുര്‍വേദ ഔഷധങ്ങളില്‍ ഏറ്റവും കൂടുതല്‍ പഠനം നടന്ന ഒരു സസ്യം കൂടിയാണ് അമൃത്. കടും പച്ചനിറവും ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇലകളാണ് ഈ വള്ളിച്ചെടിക്കുള്ളത്. വള്ളിക്ക് വിരലിന്റെ കനമേ കാണുകയുള്ളു. വള്ളിയുടെ പുറത്ത് ഇളം തവിട്ടുനിറത്തില്‍ നേരിയ ഒരു തൊലിയുണ്ട്. ഈ തൊലി മാറ്റിയാല്‍ നല്ല പച്ചനിറമായിരിക്കും. ആകൃതിയില്‍ അല്പംകൂടി ചെറുതും നിറം അല്പം കുറഞ്ഞതുമായ അമൃതിനെ ചിറ്റമൃത് എന്നു വിളിക്കുന്നു. കാട്ടമൃതിന്റെ ഇല വലിപ്പം കൂടിയതാണ്. ഇളംതണ്ടിലും ഇലയുടെ അടിവശത്തും വെള്ളരോമങ്ങളുണ്ട്. അമൃതിന്റെ വള്ളിയുടെ ഒരു കഷ്ണം മുറിച്ച് ഏതെങ്കിലും മരക്കൊമ്പില്‍ വച്ചിരുന്നാല്‍ ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളര്‍ന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത് ഇലകള്‍ മുളച്ചും വരും.
ചിറ്റമൃതിന്റെ വള്ളിയാണ് സാധാരണ ഔഷധമായി ഉപയോഗിക്കുന്നത്; കാട്ടമൃതും ഉപയോഗിക്കാറുണ്ട്. ചില സ്ഥലങ്ങളില്‍ വേരും ഉപയോഗപ്പെടുത്തുന്നു. അനവധി രോഗങ്ങളെ ശമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്. അതുകൊണ്ടാവാം, ഒരു പക്ഷേ, ഇതിന് അമൃത് എന്ന പേരുണ്ടായത്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ചിറ്റമൃതിന്റെ എല്ലാ ഭാഗങ്ങളും കറയും ഔഷധമായി ഉപയോഗിക്കുന്നു. മൂത്രാശയ രോഗങ്ങള്‍ക്കും, ആമാശയ രോഗങ്ങള്‍ക്കും, കരള്‍ സംബന്ധിയായ രോഗങ്ങള്‍ക്കും, ത്വക് രോഗങ്ങള്‍ക്കും ഇത് ഉപയോഗിക്കുന്നു. തണ്ടില്‍ നിന്ന് നിര്‍മ്മിക്കുന്ന അരിഷ്ടം ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും. ആയുര്‍വേദവിധിപ്രകാരമുള്ള മിക്ക ഔഷധങ്ങളിലും അമൃത് ഒരു മുഖ്യഘടകമാണ്. കാമില, കുഷ്ഠം, വാതവ്യാധികള്‍, രക്തദൂഷ്യം, ജ്വരം, കൃമി, ഛര്‍ദി ഇവയെ ഇല്ലാതാക്കുകയും, പ്രമേഹം, ശ്വാസരോഗം, കാസരോഗം, അര്‍ശസ്, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു. ഡെങ്കിപ്പനി, സൈന്‍ ഫ്‌ലൂ, മലേറിയ മുതലായവയുടെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ ആന്റി പൈറൈറ്റിക് ആയ ചിറ്റമൃതിനു കഴിയും എന്ന് പറയപ്പെടുന്നു.
രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. ശരീരത്തില്‍ നിന്നു വിഷാംശം നീക്കി രക്തം ശുദ്ധിയാക്കുന്നു. രോഗകാരികളായ ബാക്ടീരിയകളെ പ്രതിരോധിക്കുന്നു. കരള്‍ രോഗവും മൂത്ര നാളിയിലെ അണുബാധയും തടയുന്നു. വന്ധ്യതാ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു. ദഹനം സുഗമമാക്കുന്നു. അരഗ്രാം ചിറ്റമൃത് പൊടിച്ചത് നെല്ലിക്കയോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കുന്നത് മലബന്ധം അകറ്റും. ടൈപ്പ് 2 പ്രമേഹചികിത്സയ്ക്ക് ചിറ്റമൃത് ഉപയോഗിക്കുന്നു. ഇത് ഒരു ഹൈപ്പോഗ്ലൈസെമിക് ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നു. ചിറ്റമൃത് അരച്ചു പിഴിഞ്ഞ ചാറ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഉത്കണ്ഠയും വിഷാദവും അകറ്റുന്നു. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നു. മനസ്സിനെ ശാന്തമാക്കുന്നു. ചിറ്റമൃത് ശ്വസനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്നു. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള ചിറ്റമൃത്, ചുമ, ജലദോഷം, ടോണ്‍സില്‍ പ്രശ്നങ്ങള്‍ അകറ്റുന്നു. ആന്റി ആര്‍ത്രൈറ്റിക് ഗുണങ്ങളുള്ളതിനാല്‍ സന്ധിവാത ചികിത്സയില്‍ ഉപയോഗിക്കുന്നു. ചിറ്റമൃതിന്റെ തണ്ട് പൊടിച്ചത് പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സന്ധിവേദനയ്ക്ക് കഴിക്കാം.