CMDRF

ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങൾ

ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങൾ
ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങൾ

വിപണിയില്‍ വല്ലപ്പോഴും മാത്രം കണ്ടു വരുന്ന പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട്. എന്നാല്‍ ഇവയ്ക്ക് ഏറെ ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാന്‍ ഏറെ നല്ലതാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇതില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്, അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാവുന്ന മികച്ച പഴമാണ്. അതുപോലെതന്നെ ബിപി നിയന്ത്രണത്തിനും, കൊളസ്ട്രോള്‍ കുറയ്ക്കാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഡ്രാഗണ്‍ ഫ്രൂട്ട് ഉത്തമമാണ്. വൈറ്റമിന്‍ സി, അയണ്‍ സമ്പുഷ്ടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്, അതിനാല്‍ ഇത് വിളര്‍ച്ച തടയാന്‍ നല്ലതാണ്. കലോറി കുറവും നാരുകളുമുള്ളതിനാല്‍ തന്നെ തടി കുറയ്ക്കാനും നല്ലതാണ് ഈ ഫലം.

പോളിഫിനോളുകള്‍ അടങ്ങിയ ഈ പഴം ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഏറെ ഗുണകരമാണ്. ഇത് പ്രീബയോട്ടിക്കാണ്. കുടലിലെ ആരോഗ്യകരമായ ബാക്ടീരികള്‍ക്ക് ഭക്ഷണമാകുന്ന ഒന്ന്. ഇതിനാല്‍ തന്നെ ഇത് കുടല്‍ ആരോഗ്യത്തിന് മികച്ചതാണ്. നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം മാറാനുമെല്ലാം ഏറെ നല്ലതാണ്. ഇതില്‍ ബീറ്റാടാനിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും മികച്ചതാണ്. ഇതിലെ ചെറിയ കറുത്ത വിത്തുകള്‍ ഒമേഗ ത്രീ, ഒമേഗ 9 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. വൈറ്റമിന്‍ ഇ സമ്പുഷ്ടമായതിനാല്‍ ചര്‍മത്തിനും ഇതേറെ നല്ലതാണ്. ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ സമ്പുഷ്ടമായ ഒന്നാണിത്.

ഡ്രാഗണ്‍ ഫ്രൂട്ടിന് മികച്ച പ്രീബയോട്ടിക് ഗുണങ്ങൾ ഉള്ളതുകൊണ്ടുതന്നെ, ഇത് കുടലിന്റെ ആരോഗ്യം മികച്ചതാക്കും. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനനാളത്തിലെ അണുബാധകളുടെ അപകടസാധ്യത കുറയ്ക്കാനും, ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറവാണെങ്കില്‍ ദൈനംദിന ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തിക്കൊണ്ട് ഈ പ്രശ്നത്തെ നേരിടാം. ശരീരത്തിന്റെ വിവിധ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കുന്നതില്‍ ഇരുമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഭക്ഷണത്തെ വിഘടിപ്പിക്കാനും ഊര്‍ജമാക്കി മാറ്റാനും ഇരുമ്പ് ആവശ്യമാണ്. ഡ്രാഗണ്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ഇരുമ്പ് ആഗിരണം ചെയ്യാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നു.

ഡ്രാഗണ്‍ ഫ്രൂട്ടില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ഇത് നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കാനും തടയാനും സഹായിക്കുന്നതിനാല്‍ ഷുഗര്‍ രോഗികള്‍ക്ക് ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാവുന്നതാണ്. ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും നല്ലതാണ്. ഇതിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ക്ക് ഗര്‍ഭസ്ഥ ശിശുവിന്റെ ശരിയായ മസ്തിഷ്‌ക വികസനം പ്രോത്സാഹിപ്പിക്കും. ഇതില്‍ ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിന്‍ ബി എന്നിവയും അടങ്ങിയിട്ടുണ്ട്, അതിനാല്‍ തന്നെ ഡ്രാഗണ്‍ ഫ്രൂട്ട് ഗര്‍ഭിണികള്‍ക്ക് അനുയോജ്യമാണ്. ഫോളേറ്റ്, ബി വിറ്റാമിനുകള്‍ ഗര്‍ഭകാലത്ത് അമ്മയ്ക്ക് ഊര്‍ജം നല്‍കും കൂടാതെ, ഇതിലെ മഗ്നീഷ്യം സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സങ്കീര്‍ണതകളെ ചെറുക്കാന്‍ സഹായിക്കുന്നു.

Top