കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധി വര്‍ഗ്ഗത്തില്‍പ്പെട്ട ഔഷധസസ്യമാണ് മുയല്‍ച്ചെവിയന്‍. ഇത് ഒരു പാഴ്ചെടിയായി കാണപ്പെടുന്നു. ഈ സസ്യത്തിന്റെ ഇലകള്‍ക്ക് മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന് ഈ പേര് ലഭിച്ചത്. തലവേദനക്കുള്ള പച്ചമരുന്നുകൂടിയാണിത്.ദശപുഷ്പങ്ങളില്‍ പേര് വരുന്ന ഒന്നാണ് മുയല്‍ ചെവിയന്‍. ദശപുഷ്പങ്ങളില്‍ പത്തും ഔഷധ പ്രദാനങ്ങളായ നാട്ടു ചെടികളാണ്. നാട്ടുചെടികളില്‍ ഒന്നായ ഇതു വഴിയരികിലൊക്കെ കാണാറുണ്ട്. പലര്‍ക്കും ഇതിന്റെ ഗുണം വേണ്ടത്ര അറിയില്ല. പൂക്കള്‍ മിക്കവാറും ഓരോന്നായി വെവ്വേറെ കാണപ്പെടുന്നു.
ഇവയുടെ പൂക്കള്‍ നീല കലര്‍ന്ന ചുവപ്പ് നിറത്തിലോ ചുവപ്പ് നിറം മാത്രമായോ കാണപ്പെടുന്നു. കായ്കളില്‍ അനേകം വിത്തുകള്‍ ഉണ്ടാകുന്നു. നിലം പറ്റി നില്‍ക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഔഷധഗുണത്തെ പറ്റി വലിയ പ്രചാരമില്ലാത്തതിനാല്‍ ആരും നട്ടുവളര്‍ത്താറില്ല. ഇതില്‍ കാല്‍സ്യവും ഫോസ്ഫറസും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചക്ക് ഇത് വളരെ നല്ലതാണ്. മുയല്‍ ചെവിയല്‍ സമൂലം അരച്ച നീര് ഒരാഴ്ച കഴിച്ചാല്‍ വയറ്റിലെ വിര ശല്യം ശമിക്കും. മുയല്‍ചെവിയന്‍ ചതച്ചു പിഴിഞ്ഞ നീരില്‍ രാസ്‌നാദി പൊടി ചേര്‍ത്ത് നെറുകയില്‍ ഇട്ടാല്‍ തലവേദനയും മാറിക്കിട്ടും.