കേരളത്തില്‍ ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരു കിഴങ്ങുവര്‍ഗ്ഗ വിളയാണ് കാച്ചില്‍. ഇത് കുത്തുകിഴങ്ങ്, കാവത്ത് എന്നൊക്കെ അറിയപ്പെടുന്നു. ഇത് ഒരു വള്ളിച്ചെടിയായി വളരുന്ന സസ്യമാണ്. തണ്ടുകള്‍ക്ക് ചതുരാകൃതിയാണുള്ളത്. ഇലകള്‍ വലിപ്പമുള്ളതും മിനുസമാര്‍ന്നതും ദീര്‍ഘ വൃത്താകൃതിയില്‍ ഉള്ളതുമാണ്. തണ്ടുകളില്‍ ഇലകള്‍ ഉണ്ടാകുന്ന മുട്ടുകളില്‍ ചെറിയ കിഴങ്ങുകളും കാണാം. ഇവയ്ക്ക് മേക്കാച്ചില്‍ എന്നാണ് പേര്. തെങ്ങ് , വാഴ എന്നിവയുടെ ഇടവിളയായും കാച്ചില്‍ കൃഷി ചെയ്യാവുന്നതാണ്. നല്ലതുപോലെ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ പറ്റിയ കിഴങ്ങുവിളയാണ് കാച്ചില്‍. നടീല്‍ വസ്തു കിഴങ്ങുതന്നെയാണ്. കിഴങ്ങ് ഏകദേശം 250ഗ്രാം മുതല്‍ 300 ഗ്രാം വരെ ഭാരമുള്ള കഷണങ്ങളാക്കി പച്ചചാണകസ്ലറിയില്‍ മുക്കി ഉണക്കി എടുക്കേണ്ടതാണ്. കൃഷിക്കായി ഉദ്ദേശിക്കുന്ന സ്ഥലം ഉഴുത് പാകപ്പെടുത്തി 45 X 45 X 45 സെന്റീമീറ്റര്‍ അളവില്‍ കുഴികളെടുത്താണ് കാച്ചില്‍ നടുന്നത്.
ഏകദേശം ഒന്നേകാല്‍ കിലോഗ്രാം പൊടിച്ച കാലിവളം മേല്‍മണ്ണുമായി ചേര്‍ത്ത് കുഴിയുടെ മുക്കാല്‍ ഭാഗം മൂടുക. ഇങ്ങനെയുള്ള കുഴികളില്‍ നേരത്തേ തയ്യാറാക്കിയ നടീല്‍ വസ്തു നട്ടതിനുശേഷം മണ്ണ് വെട്ടികൂട്ടി ചെറിയ കൂനകളാക്കുക. ചില സ്ഥലങ്ങളില്‍ കൂനകളില്‍ കുഴിയെടുത്തും കാച്ചില്‍ നടാറുണ്ട്. നട്ടതിനുശേഷം കരിയില, ഉണങ്ങിയ തെങ്ങോല എന്നിവകൊണ്ട് പുതയിടുക. ഇങ്ങനെ പുതയിടുന്നതുമൂലം മണ്ണിലെ ഈര്‍പ്പം നിലനില്‍ക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാം. ഈ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ അവയുടെ വൈവിധ്യത്തെ ആശ്രയിച്ച് വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കാച്ചിലില്‍ ഉയര്‍ന്ന നാരുകളും കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സും പഞ്ചസാരയും ഉണ്ട്. അവര്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. കാത്സ്യം, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, ഫോസ്ഫറസ് എന്നിവയുടെ നല്ല സന്തുലിതാവസ്ഥയും കാച്ചിലില്‍ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും പല രോഗങ്ങളും തടയാന്‍ സഹായിക്കുകയും ചെയ്യും.