മഴക്കാലത്ത് സുലഭം തകര

മഴക്കാലത്ത് സുലഭം തകര

മ്മുടെ കേരളത്തില്‍ സര്‍വസാധാരണമായി കാണുന്ന ഒരു സസ്യമാണ് തകര, ഇതിന് വട്ടത്തകര എന്നും പേരുണ്ട്. നമ്മുടെ നാട്ടില്‍ പറമ്പിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്റെ ഔഷധഗുണം പഴമക്കാര്‍ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, ഇത് മഴക്കാലത്ത് വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിച്ചു. ഇംഗ്ളീഷില്‍ റിങ് വോം പ്ലാന്റ്, സിക്കിള്‍ സെന്ന എന്നെല്ലാം പറയപ്പെടുന്നു. മഴക്കാലമാണ് ഇതിന് അനുയോജ്യം, നന്നായി മഴ ലഭിക്കുന്നിടത്തെല്ലാം ഇത് നന്നായി വളര്‍ന്നുവരുന്നു. ഏകദേശം ഒരു മീറ്ററോളം ഉയരംവെക്കുന്ന ചെടിയില്‍ ആദ്യം മുളയ്ക്കുന്ന ഇലകള്‍ കൈയിലിട്ടുരച്ചു നോക്കിയാല്‍ രൂക്ഷഗന്ധമാണുണ്ടാവുക.

നല്ല മഞ്ഞനിറത്തിലുള്ള പൂവുകളാണ് തകരയ്ക്ക് ഉണ്ടാവുക. കായകള്‍ നേര്‍ത്തുമെലിഞ്ഞ് 10-12 സെന്റീമീറ്റര്‍ നീളമുണ്ടാകും. പോഡിനുള്ളില്‍ 20-25 വിത്തുകള്‍ കാണും, വിത്തുകള്‍ക്ക് തവിട്ടുകലര്‍ന്ന കറുപ്പു നിറമായിരിക്കും. ജൂണ്‍, ജൂലായ് മാസങ്ങളില്‍ മുളച്ചുപൊന്തുന്ന ഇവ നവംബര്‍ മാസത്തോടെ വിത്തായി ജനുവരിയോട് കൂടി നശിച്ചുപോവും. ഒട്ടേറെ രാജ്യങ്ങളില്‍ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് തകര. ചൈനയിലും ആഫ്രിക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ത്വക് രോഗത്തിനുള്ള മരുന്നായും മലബന്ധം നീക്കാനുള്ള ഔഷധമായും ഇത് വ്യാപകമായി പുരാതനകാലം മുതലേ ഉപയോഗിച്ചുവരുന്നു. വിരകള്‍ക്കുള്ള മരുന്നുകളിലും, അലോപ്പതിയിലും ഇതിന്റെ വിത്തിന്റെ സാന്നിധ്യമുണ്ട്. മികച്ച ഒരു ആന്റിപരാസിറ്റിക് ആണിത്. ആന്റി ഓക്സിഡന്റ് ആയും. ലാകേ്സറ്റീവ് ആയും, വെര്‍മിഫ്യൂജ് ആയും ഇത് അലോപ്പതിയില്‍ ഉപയോഗിക്കുന്നു. ഇതിന്റെ വേര് നല്ല ആന്റിസെപ്റ്റിക് ഗുണമുള്ളതാണ്. അലോ ഇമോള്‍ഡിന്‍, ക്രൈസോഫനോള്‍, കാഥര്‍ടെയ്ന്‍, കാത്സ്യം, ഇരുമ്പ്, ഫോസ് ഫറസ് , ബീറ്റാ സിറ്റോസ്റ്റിറോള്‍, ഇമോഡിന്‍, റുബ്രോഫുസാരിന്‍, സ്റ്റിഗ്മാസ്റ്റിറോള്‍, ടാര്‍ടാറിക് ആസിഡ് എന്നിങ്ങനെ തുടങ്ങി ഒട്ടേറെ രാസ സംയുക്തങ്ങളാല്‍ അനുഗൃഹീതമാണ് തകര.

ആയുര്‍വേദത്തില്‍ ചര്‍മരോഗം, പിത്തം, കഫം, വാതം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങള്‍, രക്തദോഷം എന്നിവയ്ക്ക് തകര സമൂലം ഉപയോഗിക്കുന്നു. ശ്വാസകോശരോഗങ്ങള്‍ക്ക് തകരയിലയുടെ നീര് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ഫലപ്രദമാണ്. വയറുവേദനയ്ക്ക് തകരയില ഉണക്കിപ്പൊടിച്ചു കഴിക്കുന്നതും. മലബന്ധത്തിന് തകരയിലക്കഷായം കഴിക്കുന്നതും രോഗശമനമുണ്ടാക്കും. കരളിനെയും, കണ്ണിനെയും ത്വക്കിനെയും സംരക്ഷിക്കാനും തലവേദനയെയും രക്താദിമര്‍ദത്തെയും മലബന്ധത്തെയും വിട്ടുമാറാത്ത ചൊറിയെയും അകറ്റാനും ഉപയോഗിക്കുന്നു, അങ്ങനെ നമ്മുടെ ശരീരത്തിനാവശ്യമായ പല ഔഷധങ്ങളും പ്രധാനം ചെയ്യുന്ന തകരയെ ഈ മഴമാസങ്ങളില്‍ മറക്കരുത്.

Top