നീണ്ട 150 വർഷത്തെ പാരമ്പര്യം; ട്രാം സര്‍വീസുകൾ ചുരുക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍

1873 ഫെബ്രുവരി 24 മുതലാണ് ട്രാമുകള്‍ കൊല്‍ക്കത്തയില്‍ ഓട്ടം തുടങ്ങിയത്.

നീണ്ട 150 വർഷത്തെ പാരമ്പര്യം; ട്രാം സര്‍വീസുകൾ ചുരുക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍
നീണ്ട 150 വർഷത്തെ പാരമ്പര്യം; ട്രാം സര്‍വീസുകൾ ചുരുക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തൻ ചരിത്രത്തിന്റെ ഭാ​ഗമാണ് ട്രാം സര്‍വീസുകള്‍. തിരക്കേറിയ ന​ഗര വീഥികളിലൊക്കെ തന്നെ കാണുന്ന മനോഹര കാഴ്ച്ചയാണ് ട്രാം സര്‍വീസുകളുടേത്. ട്രാം സര്‍വീസുകൾ നിലനിൽക്കുന്ന ഇന്ത്യയിലെ ഒരേയൊരു നഗരവും കൊൽക്കത്തയാണ്. ഇപ്പോഴിതാ ട്രാം സര്‍വീസുകളുടെ പരിധി കുറയ്ക്കാനൊരുങ്ങുകയാണ് കൊൽക്കത്ത. നീണ്ട 150 വർഷത്തെ പാരമ്പര്യമാണ് കൊൽക്കത്ത ചുരുക്കാനൊരുങ്ങുന്നത്.

ഒറ്റ സ്‌ട്രെച്ചില്‍ മാത്രമായിരിക്കും ഇനി ട്രാം സര്‍വീസ് നടത്തുകയെന്നും മറ്റുള്ള സര്‍വീസുകള്‍ ഉടന്‍ നിര്‍ത്തുമെന്ന് പശ്ചിമബംഗാള്‍ ഗതാഗതമന്ത്രി സ്‌നേഹാസിസ് ചക്രബര്‍ത്തി അറിയിച്ചു. മൈതാന്‍ – എസ്പ്ലനേഡ് സര്‍വീസ് മാത്രമായിരിക്കും നിലനിര്‍ത്തുക. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ട്രാം പ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തിരക്കേറിയ സമയങ്ങളില്‍ റോഡുകളില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് മെല്ലെ പോകുന്ന ട്രാമുകള്‍ നിലവിലെ സാഹചര്യത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

Also Read: ബീവാറിലെ ദേവ്മാലി ഗ്രാമം ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് വില്ലേജ്

ഗതാഗതക്കുരുക്ക് കാരണം, തിരക്കുള്ള സമയങ്ങളില്‍ ആളുകള്‍ ഓഫീസില്‍ എത്താന്‍ വൈകുന്നില്ലെന്ന് ഉറപ്പാക്കാന്‍, ട്രാമുകള്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള ചില നടപടികള്‍ ഞങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നിരുന്നാലും, മൈതാനത്തിനും എസ്പ്ലനേഡിനും ഇടയില്‍ ഹെറിറ്റേജ് ട്രാമുകള്‍ ഓടും, അതുവഴി ആളുകള്‍ക്ക് സുഖകരവും പരിസ്ഥിതി സൗഹൃദവുമായ സവാരി നടത്താനാകുമെന്നും, മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മാതൃകയായി ഒമ്പതാം ക്ലാസുകാരി

1873 ഫെബ്രുവരി 24 മുതലാണ് ട്രാമുകള്‍ കൊല്‍ക്കത്തയില്‍ ഓട്ടം തുടങ്ങിയത്. അന്ന് ‘കുതിര ശക്തി’യിലായിരുന്നു സവാരി. കഴിഞ്ഞ നൂറ്റാണ്ടില്‍ ഗതാഗത സംവിധാനത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിനാല്‍ ട്രാമുകള്‍ കൊല്‍ക്കയുടെ പൈതൃകത്തിന്റെ ഭാഗമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതേസമയം, സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കൊല്‍ക്കത്ത ട്രാം യൂസേഴ്സ് അസോസിയേഷനും രംഗത്തെത്തി. ട്രാം സര്‍വീസുകള്‍ നിര്‍ത്താന്‍ അനുവദിക്കില്ലെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കയ്യേറ്റങ്ങള്‍ നീക്കി റോഡിന്റെ വീതി വര്‍ധിപ്പിക്കാമെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

Top