ബെംഗളൂരു-മൈസൂരു പാതയിൽ ഇനി ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം

ബെംഗളൂരു-മൈസൂരു പാതയിൽ ഇനി ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം
ബെംഗളൂരു-മൈസൂരു പാതയിൽ ഇനി ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം

ബെംഗളൂരു: ജൂലൈ ഒന്ന് മുതൽ ബെംഗളൂരു-മൈസൂരു പാതയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐ.ടി.എം.എസ്.) നടപ്പാക്കാനൊരുങ്ങി ട്രാഫിക് പോലീസ്. ബെംഗളൂരു-മൈസൂരു പാതയിലുടനീളവും മൈസൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളും ഉൾപ്പെടുത്തി ഐ.ടി.എം.എസ്. സംയോജനം പൂർത്തിയായതായി ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ എ.ഡി.ജി.പി. അലോക് കുമാർ പറഞ്ഞു.

ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്‌നിഷൻ (എ.എൻ.പി.ആർ.) ക്യാമറകളും റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ (ആർ.എൽ.വി.ഡി.) ക്യാമറകളും ഉൾപ്പെടുന്നതാണ് ഈ സംവിധാനം. 2022-ൽ ബെംഗളൂരുവിൽ ഐ.ടി.എം.എസ്. സംവിധാനം ആരംഭിച്ചിരുന്നു. നഗരത്തിലെ 50 ജങ്ഷനുകളിലായി 250 ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്‌നിഷൻ ക്യാമറകളും 80 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകളും ഉൾപ്പെടുന്നതായിരുന്നു സംവിധാനം.

ഇപ്പോൾ ഈ സംവിധാനം ബെംഗളൂരു-മൈസൂരു പാതയിലേക്കും മൈസൂരു നഗരത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. മൈസൂരു ജില്ലയിൽവരുന്ന ഹുൻസൂർ, എച്ച്.ഡി. കോട്ടെ, നഞ്ചൻകോട്, ടി. നരസിപുര എന്നിവിടങ്ങളിലും ഈ സംവിധാനം വരും. ഭാവിയിൽ വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രധാനപാതകളിലെല്ലാം ഐ.ടി.എം.എസ്. കൊണ്ടുവരാനാണ് ട്രാഫിക് പോലീസ് ലക്ഷ്യമിടുന്നത്.

തുമകൂരു റോഡ്, കനകപുര റോഡ്, ഹൊസൂർ റോഡ് എന്നിവിടങ്ങളിലാകും സംവിധാനം നടപ്പാക്കുക. അധിക ക്യാമറകളിലൂടെ ബെംഗളൂരു-മൈസൂരു പാതയിൽ സുരക്ഷാപരിശോധന ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.സംസ്ഥാനത്ത് റോഡ് സുരക്ഷയ്ക്കായി വിവിധ നടപടി സ്വീകരിച്ചുവരികയാണ് ട്രാഫിക് പോലീസ്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ 800 ആൽക്കോമീറ്ററുകൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.

ബെംഗളൂരു-മൈസൂരു പാതയിൽ ഗതാഗത നിയമ ലംഘനങ്ങൾ പതിവായതിനെത്തുടർന്ന് അടുത്തിടെയാണ് നാഷണൽ ഹൈവേ അതോറിറ്റി എ.ഐ. ക്യാമറകൾ സ്ഥാപിച്ചത്. രണ്ട് കിലോമീറ്റർ ഇടവിട്ട് ആകെ 60 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നേരത്തേ പത്തു കിലോമീറ്റർ കൂടുമ്പോൾ ക്യാമറ സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാൽ, നിയമലംഘനം കൂടുന്നതിനാൽ രണ്ടു കിലോമീറ്റർ ഇടവിട്ട് ക്യാമറ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

പാതയിൽ രണ്ടു പോയിന്റുകൾക്കിടയിൽ വാഹനം സഞ്ചരിക്കാനെടുത്ത സമയം ക്യാമറകൾ കണക്കുകൂട്ടും. അനുവദിക്കപ്പെട്ട സമയത്തേക്കാൾ കുറവാണെങ്കിൽ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകും. ട്രാക്ക് തെറ്റിക്കുന്നതും എതിർദിശയിൽ വാഹനം ഓടിക്കുന്നതുമാണ് പ്രധാന നിയമലംഘനങ്ങൾ. വലിയ അപകടങ്ങൾക്ക് കാരണമാകാവുന്ന ലംഘനമാണിത്. പാതയിൽ ഒട്ടേറെ അപകടങ്ങൾ നടന്നതിനെത്തുടർന്ന് ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

Top