ഇസ്രായേല്‍ യുദ്ധമന്ത്രിസഭ പിരിച്ച് വിട്ട് ബെഞ്ചമിന്‍ നെതന്യാഹു. ആറംഗ യുദ്ധ മന്ത്രിസഭയാണ് നെതന്യാഹു പിരിച്ച് വിട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം അടിയന്തരാവസ്ഥാ സര്‍ക്കാരില്‍ നിന്ന് ബെന്നി ഗാന്റ്‌സിന്റെ രാജിക്ക് പുറകെയാണ് നെതന്യാഹു യുദ്ധ മന്ത്രിസഭ പിരിച്ച് വിട്ടതെന്നും എന്നാല്‍, പിന്നാലെ തീവ്രവലതുപക്ഷ സഖ്യകക്ഷികള്‍ പുതിയ യുദ്ധ മന്ത്രിസഭയ്ക്കായി നെതന്യാഹുവിന്റെ നേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും വിദേശ നാദ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിതവാദി രാഷ്ട്രീയക്കാരനും ദേശീയ ഐക്യ പാര്‍ട്ടിയും കഴിഞ്ഞ വര്‍ഷമാണ് അടിയന്തര സഖ്യത്തില്‍ ചേരുകയും യുദ്ധകാല സര്‍ക്കാറിന്റെ ഭാഗമാവുകയും ചെയ്തത്. ബെന്നി ഗാന്റ്‌സിന്റെ രാജിയോടെ യുദ്ധ മന്ത്രിസഭയുടെ ആവശ്യമില്ലെന്ന് നെതന്യാഹു മന്ത്രിമാരോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ആറംഗ യുദ്ധ കാബിനറ്റിലെ ഒരംഗമായ ഗാന്റ്‌സ്, മന്ത്രിസഭയിലെ മൂന്ന് നിരീക്ഷകരില്‍ ഒരാളായ ഗാഡി ഐസെന്‍കോട്ടിനൊപ്പം അടുത്തിടെ രാഷ്ട്രീയ സഖ്യത്തില്‍ നിന്നും പിന്മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്ന നെതന്യാഹു, തീവ്ര വലതുപക്ഷ പാര്‍ട്ടികളെ ഒപ്പം കൂട്ടിയാണ് മന്ത്രിസഭ രൂപീകരിച്ചത്.
പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, യുദ്ധ കാബിനറ്റില്‍ ഉണ്ടായിരുന്ന തന്ത്രപ്രധാനകാര്യ മന്ത്രി റോണ്‍ ഡെര്‍മര്‍ എന്നിവരുള്‍പ്പെടുന്ന ആളുകളുമായി നെതന്യാഹു ഗാസ യുദ്ധത്തെക്കുറിച്ച് കൂടിയാലോചനകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം യുദ്ധ കാബിനറ്റ് പിരിച്ചുവിടുന്നത് കൊണ്ട് സംഘര്‍ഷത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുദ്ധ തീരുമാനങ്ങളെടുക്കുക സുരക്ഷാ കാബിനറ്റായിരിക്കും. നെതന്യാഹുവിന്റെ തീരുമാനം ഇസ്രേലില്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കടുപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നെതന്യാഹുവും മുതിര്‍ന്ന ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് കമാന്‍ഡര്‍മാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ക്കിടയിലാണ് അസാധാരണമായ ഇത്തരമൊരു നീക്കമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.