ജറുസലം: ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിയത്.
പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേല്‍ കാറ്റ്‌സ് ചുമതലയേല്‍ക്കുമെന്നാണ് വിവരം. ”യുദ്ധത്തിന്റെ നടുവില്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയില്‍ പൂര്‍ണ്ണ വിശ്വാസം അത്യാവശ്യമാണ്. ആദ്യ മാസങ്ങളില്‍ വളരെയധികം വിശ്വാസവും ഫലപ്രദമായ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്” യോവ് ഗലാന്റിനെ പുറത്താക്കിയതിനു പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Also Read: അഴിഞ്ഞ് വീണത് അമേരിക്കയുടെയും ഇസ്രയേലിന്റെയും മുഖംമൂടി
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ പലസ്തീന്‍ സായുധ സംഘടന ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ നടത്തുന്ന പ്രതികാര നടപടിയെച്ചൊല്ലി ഇരുവരും പലതവണ പരസ്പരം ഏറ്റുമുട്ടിയിട്ടിരുന്നു. ഗാസ യുദ്ധത്തിലുടനീളം ഗലാന്റും നെതന്യാഹുവും തമ്മില്‍ പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. 2023 മാര്‍ച്ചില്‍ തനിക്കെതിരെ വ്യാപക തെരുവ് പ്രതിഷേധങ്ങള്‍ നടന്നപ്പോള്‍ പ്രതിരോധ മേധാവിയെ പുറത്താക്കാന്‍ നെതന്യാഹു ശ്രമിച്ചിരുന്നു.