പാലക്കാട്: പി സരിൻ ഉത്തമനായ സ്ഥാനാർത്ഥിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. സരിൻ പൊതു സമൂഹത്തോട് പ്രതിജ്ഞാ ബദ്ധനായ ചെറുപ്പക്കാരനാണ്. ഈ മണ്ഡലത്തിൽ ഏറ്റവും യോഗ്യനായ ഏറ്റവും അർഹതയുള്ള നല്ല ചെറുപ്പക്കാരനെ സിപിഎം സ്ഥാനാർഥിയാക്കി. ജനസേവനത്തിന് മാതൃകയായി നിൽക്കുന്ന ഒരു ചെറുപ്പക്കാരനാണ് ജനവിധി തേടുന്നതെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇ പി ജയരാജൻ പറഞ്ഞത്
വികസനോന്മുഖമായ പാലക്കാടിനായി പാലക്കാടിനെ ഐശ്വര്യ സമ്പുഷ്ഠമാക്കാൻ മനസ്സിൽ ഒരുപാട് ആശയങ്ങൾ വച്ചുകൊണ്ട് ഒരു പ്രതിഭാശാലിയായി ഉയർന്നുവന്ന് പാലക്കാടിനെ മെച്ചപ്പെട്ട നിലയിലെത്തിക്കാനുള്ള പ്രവർത്തനത്തിലാണ് പി സരിൻ. നാടിന്റെ നന്മയാണ് രാഷ്ട്രീയം. ഒരു രോഗിയോട് ഡോക്ടർക്ക് എന്നപോലെ ഈ സമൂഹത്തിന്റെ തന്നേ ചികിത്സയ്ക്കായി സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ പ്രവണതകളെ മാറ്റിമറിച്ച് പുതിയ പാലക്കാടിനെ സൃഷ്ടിച്ചെടുക്കാനാണ് സരിൻ ജനവിധി തേടുന്നത്. സരിൻ പാലക്കാട്ടിന്റെ മഹാഭാഗ്യമാണ്.
Also Read: പുതിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ആശംസയുമായി പി പി ദിവ്യ
സരിൻ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇവിടുത്തെ യുവാക്കളും വിദ്യാർഥികളും സ്ത്രീകളും എല്ലാം അത് ആഗ്രഹിക്കുന്നു. ജനസേവനത്തിന് മാതൃകയായി നിൽക്കുന്ന ഒരു ചെറുപ്പക്കാരനാണ് ജനവിധി തേടുന്നത്. എല്ലാ പാർട്ടിക്കാരും സരിന് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതിന് മാധ്യമങ്ങളുടെ സഹായ സഹകരണം അഭ്യർത്ഥിക്കുന്നു. കോൺഗ്രസ് ആയിരിക്കുമ്പോഴും സരിൻ ഇടതു മനസ്സുള്ള ആളായിരുന്നു. സരിന്റെത് പെട്ടെന്നുള്ള വരവല്ല. സ്വതന്ത്ര വയ്യാവേലി അല്ല. ജനങ്ങളുടെ പ്രിയങ്കരനായ സ്ഥാനാർഥി എന്ന നിലയിലാണ് മത്സരിക്കുന്നത്. സരിനുമായി മുൻപ് സംസാരിച്ചിരുന്നു. സ്ഥാനാർഥിയായപ്പോൾ സംസാരിച്ചു. ഇന്നും സംസാരിച്ചു.
സരിൻ കർഷക കുടുംബത്തിൽ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി. എംബിബിസിന് ശേഷം സിവിൽ സർവീസ് ആഗ്രഹിച്ചു. ഉയർന്ന തസ്തികയിൽ ജോലി ചെയ്തു. അദ്ദേഹം അപ്പോഴും ജനങ്ങൾക്ക് ഒപ്പമായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയമല്ല സ്വീകരിച്ചത് എങ്കിലും ഇടതുപക്ഷ മനസ് ആയിരുന്നു. കൃഷിക്കാർക്കും തൊഴിലാളികൾക്കും ഒപ്പമായിരുന്നു.
ഏത് രംഗത്തും പണമുണ്ടാക്കാനുള്ള സാഹചര്യമുള്ള ഉന്നതനായ ഒരു വ്യക്തി അതെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് അപൂർവമാണ്. അദ്ദേഹം വിശ്വസിച്ച കോൺഗ്രസ്സ് പാർട്ടി വർഗീയ ശക്തികളുമായി കൂട്ടുചേർന്നു. വ്യക്തി താത്പര്യങ്ങൾക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി നിലകൊണ്ടു. അങ്ങനെയാണ് അദ്ദേഹം കോൺഗ്രസ്സ് രാഷ്ട്രീയത്തോട് വിയോജിച്ചത്. ഈ മണ്ഡലത്തിൽ ഏറ്റവും യോഗ്യനായ ഏറ്റവും അർഹതയുള്ള നല്ല ചെറുപ്പക്കാരനെ സിപിഎം സ്ഥാനാർഥിയാക്കി. പാലക്കാടിന്റെ സമസ്ത മേഖലയിലും വികസന മുരടിപ്പാണുള്ളതെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.