CMDRF

മികച്ച ജീവിത നിലവാരം; ലോകത്ത് നാലാം സ്ഥാനത്ത് ഒമാന്‍

മികച്ച ജീവിത നിലവാരം; ലോകത്ത് നാലാം സ്ഥാനത്ത് ഒമാന്‍
മികച്ച ജീവിത നിലവാരം; ലോകത്ത് നാലാം സ്ഥാനത്ത് ഒമാന്‍

മസ്‌കത്ത്: മികച്ച ജീവിത നിലവാരം പുലര്‍ത്തുന്നതില്‍ ലോകത്ത് നാലാം സ്ഥാനം നേടി ഒമാന്‍. 2024ന്റെ ആദ്യ പകുതിയില്‍ നംബിയോ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍. ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനക്കാര്‍. ആഗോള ജീവിത നിലവാര സൂചികയില്‍ ഒന്നാം സ്ഥാനത്തുള്ള ലക്‌സംബര്‍ഗിന് 219.3 പോയന്റുകളാണ്.

207.5 പോയന്റുമായി നെതര്‍ലന്‍ഡ്സാണ് രണ്ടാം സ്ഥാനത്ത്. 205.6 പോയന്റുമായി ഡെന്‍മാര്‍ക്ക് മൂന്നാം സ്ഥാനത്തും 204 പോയന്റുമായി ഒമാന്‍ നാലാം സ്ഥാനത്തുമാണ്. ഒരു പ്രത്യേക രാജ്യത്തോ നഗരത്തിലോ ജീവിക്കുന്ന വ്യക്തികളുടെ മൊത്തത്തിലുള്ള ക്ഷേമത്തിനും ജീവിത നിലവാരത്തിനും സംഭാവന നല്‍കുന്ന വിവിധ ഘടകങ്ങളുടെ സമഗ്രമായ വിലയിരുത്തലാണ് ജീവിത നിലവാര സൂചിക.

വാങ്ങല്‍ ശേഷി, മലിനീകരണ തോത്, പാര്‍പ്പിടങ്ങളുടെ വില, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യ പരിപാലന നിലവാരം, യാത്രാ സമയം, കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്ന നിരവധി ഘടകങ്ങളാണ് ഒമാന്റെ ഉയര്‍ന്ന റാങ്കിന് കാരണമായത്.

182.9 പോയന്റുമായി ഖത്തര്‍ 17-ാം സ്ഥാനത്തും 175.5 പോയന്റുമായി യു.എ.ഇ 20-ാം സ്ഥാനത്തും 170.5 പോയന്റുമായി സൗദി അറേബ്യ 25-ാം സ്ഥാനത്തും 152.5 പോയന്റുമായി കുവൈത്ത് 37-ാം സ്ഥാനത്തുമാണ്. അടുത്തിടെ, മള്‍ട്ടി-ഡെസ്റ്റിനേഷന്‍ ട്രിപ്പുകളില്‍ സ്‌പെഷ്‌ലൈസ് ചെയ്ത ട്രാവല്‍ബാഗ് എന്ന കമ്പനി ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ രാത്രിനഗരമായി മസ്‌കത്തിനെ തിരഞ്ഞെടുത്തിരുന്നു

Top