തമ്മിലടിച്ച് സ്ഥാനാര്‍ത്ഥിയും എംഎല്‍എയും; ഇടപെട്ട് അമിത് ഷാ

തമ്മിലടിച്ച് സ്ഥാനാര്‍ത്ഥിയും എംഎല്‍എയും; ഇടപെട്ട് അമിത് ഷാ
തമ്മിലടിച്ച് സ്ഥാനാര്‍ത്ഥിയും എംഎല്‍എയും; ഇടപെട്ട് അമിത് ഷാ

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ മുന്‍ നിര കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ബിജെപി ക്യാമ്പിന് വെല്ലുവിളിയായി ഉള്‍പ്പോര്. ബിജെപിക്ക് വേണ്ടി സംസ്ഥാന മന്ത്രി കൂടിയായ ദിനേഷ് പ്രതാപ് സിങാണ് ഇവിടെ മത്സരിക്കുന്നത്. ബിജെപി എംഎല്‍എ അദിതി സിംഗ്, ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എ മനോജ് കുമാര്‍ പാണ്ഡെ എന്നിവര്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിട്ട് നില്‍ക്കുന്നുവെന്നാണ് ദിനേഷ് പ്രതാപിന്റെ പരാതി. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷാ ഇരുവരെയും കണ്ട് അനുനയ ശ്രമങ്ങള്‍ നടത്തിയിരുന്നു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് നേടാനായ ഒരേ ഒരു സീറ്റാണ് റായ്ബറേലി. കഴിഞ്ഞ തവണ അമേഠിയില്‍ സ്മൃതി ഇറാനിയോട് തോറ്റ രാഹുല്‍ഗാന്ധി ഇത്തവണ റായ്ബറേലിക്ക് കൂടുമാറുകയായിരുന്നു. രാഹുലിന് മുമ്പ് രണ്ട് പതിറ്റാണ്ടോളം സോണിയ ഗാന്ധിയായിരുന്നു ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചിരുന്നത്.

റായ്ബറേലി ലോക്‌സഭ മണ്ഡലത്തില്‍ ആകെ അഞ്ചു നിയമസഭ മണ്ഡലങ്ങളാണുള്ളത്. 2022ല്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ബാക്കി നാല് സീറ്റുകളും നേടിയത് എസ്പിയായിരുന്നു. ബിജെപി നേടിയ സീറ്റില്‍ മത്സരിച്ചിരുന്നത് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന അദിതി സിംഗായിരുന്നു. മണ്ഡലത്തിലടക്കം റായ്ബറേലിയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള നേതാവാണ് അദിതി. റായ്ബറേലിയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള മറ്റൊരു നേതാവാണ് എസ്പി വിമതനായി നിയമസഭയില്‍ വിജയിച്ചു കയറിയ മനോജ് കുമാര്‍ പാണ്ഡെ. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച പാണ്ഡെ പക്ഷേ ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നു. മൂന്ന് തവണ എംഎല്‍എയായ പാണ്ഡെ മുന്‍ എസ്പി സര്‍ക്കാരിലെ പ്രധാന ബ്രാഹ്‌മണ മുഖമാണ്. പാണ്ഡെയെ മുന്‍ നിര്‍ത്തി മണ്ഡലത്തിലെ ബ്രാഹ്‌മണ വോട്ടുകള്‍ സമാഹരിക്കാനായിരുന്നു ബിജെപി ശ്രമം.

Top