പകർച്ചവ്യാധികൾക്കെതിരെ ജാഗ്രതവേണം; വീണ ജോർജ്

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രതവേണം; വീണ ജോർജ്
പകർച്ചവ്യാധികൾക്കെതിരെ ജാഗ്രതവേണം; വീണ ജോർജ്

തിരുവനന്തപുരം: ശക്തമായ മഴ കാരണം പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിതാന്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ തുടങ്ങിയവ പടർന്നുപിടിക്കാൻ സാധ്യത കൂടുതലാണ്. എലിപ്പനി കേസുകൾ കൂടാൻ സാധ്യതയുള്ളതിനാൽ വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ള എല്ലാവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം.

എല്ലാ ആശുപത്രികളിലും അവശ്യ മരുന്നുകൾ, ഒ.ആർ.എസ്., സിങ്ക്, ഡോക്‌സിസൈക്ലിൻ, ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കാനും എല്ലാ പ്രധാന ആശുപത്രികളിലും പാമ്പുകടിയേറ്റാൽ ചികിത്സിക്കാനുള്ള ആന്റി സ്‌നേക്ക് വെനം സ്റ്റോക്ക് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആശുപത്രികൾ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ദുരിത ബാധിത പ്രദേശങ്ങളിൽ അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും സേവനങ്ങൾ ഉറപ്പാക്കണം.

ശുചീകരണ പ്രവർത്തനങ്ങളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർ വ്യക്തിഗത സുരക്ഷാ ഉപാധികളായ ഗ്ലൗസ്, മാസ്‌ക്, ബൂട്ട് മുതലായവ ധരിക്കേണ്ടതാണ്. വൈദ്യുതാഘാതം, പാമ്പ് കടി, ഇഴജന്തുക്കൾ ഉൾപ്പെടെയുള്ളവയുടെ ആക്രമണം മുതലായവ ഒഴിവാക്കാനുള്ള സുരക്ഷാ നടപടികൾ കൈക്കൊള്ളണം. പ്രളയബാധിത പ്രദേശങ്ങളിലെ ആശുപത്രികളിൽ ഉപകരണങ്ങൾ സുരക്ഷിതമാണെന്നും ഉറപ്പാക്കണം.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും എല്ലാ ക്യാമ്പുകളിലും ആരോഗ്യ സേവനം ഉറപ്പാക്കാൻ ഒരു നോഡൽ ഓഫീസർ ഉണ്ടായിരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ക്യാമ്പുകളിൽ ഡയാലിസിസ്, കീമോതെറാപ്പി മുതലായ ചികിത്സയിലുള്ള രോഗികൾക്ക് തുടർചികിത്സ ഉറപ്പാക്കണം. ഏതെങ്കിലും രോഗങ്ങൾക്ക് പതിവായി മരുന്ന് കഴിക്കുന്നവർ അത് തുടരേണ്ടതാണ്. സൂരക്ഷിതമല്ലാത്ത മേഖലകളിൽ വസിക്കുന്നവർ നിർദ്ദേശം കിട്ടിയാലുടനെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറി താമസിക്കേണ്ടതാണെന്നും പക്ഷി മൃഗാദികളുടെ ശവശരീരങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആഴത്തിൽ കുഴിയെടുത്ത് ബ്ലീച്ചിംഗ് പൗഡർ വിതറി സംസ്‌കരിക്കേണ്ടതാണെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നു.

Top