ദില്ലി : പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിൽ ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറാക്കി. കോൺഗ്രസ് നേതാവ് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ തീരുമാനം. ഈ മാസം 26 നാണ് ലോക്സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക.
ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടൈം സ്പീക്കറാണ്. പതിനെട്ടാം ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഭർതൃഹരി മഹ്താബ് മേല്‍നോട്ടം വഹിക്കും. ബിജെഡിയിൽ നിന്ന് ബിജെപിയിലെത്തിയ ഭർതൃഹരി മഹ്താബ് ഏഴാം തവണയാണ് എംപിയാകുന്നത്. ബിഹാറിലെ കട്ടക്കിൽ നിന്നുള്ള എംപിയാണ്. എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷാണ് നിലവിൽ ലോക്‌സഭയിലെ മുതിർന്ന അംഗം.